kolkatha-governor

നോബൽ ജേതാവ് അഭിജീത് ബാനർജിക്ക് ഡി.ലിറ്റ് നൽകേണ്ടത് ഗവർണറായിരുന്നു

കൊൽക്കത്ത: കൊൽക്കത്ത യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിന് എത്തിയ പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോകാൻ നിർബന്ധിതനായി. ച‌ടങ്ങിൽ നോബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിക്ക് ഡി.ലിറ്റ് ബിരുദം സമ്മാനിക്കേണ്ടത് ഗവർണറായിരുന്നു. ഗവർണർക്ക് പകരം വൈസ് ചാൻസലറാണ് പിന്നീട് ആ ചടങ്ങ് നിർവഹിച്ചത്.

ഗവർണറോടുള്ള പ്രതിഷേധമായി 'നോ സി.എ.എ, നോ എൻ.ആർ.സി" എന്നെഴുതിയ ബാനറുകൾ കാമ്പസിലെങ്ങും പ്രത്യക്ഷപ്പെട്ടിരുന്നു.നൂറുകണക്കിന് വിദ്യാർത്ഥികൾ 'ഗവർണർ ഗോ ബാക്ക്' എന്ന് വിളിച്ച്, ചാൻസലർ കൂടിയായ ഗവർണറുടെ വാഹനം തടഞ്ഞു.'ബി.ജെ.പി ഏജന്റായ ഗവർണർ ചടങ്ങിൽ പങ്കെടുക്കുന്നത് അനുവദിക്കില്ലെന്ന' നിലപാടുമായിരുന്നു എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ.

പൊലീസ് സംരക്ഷണയിൽ ഗവർണറെ ആഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ തടഞ്ഞു. ഡി - ലിറ്റ്​ ബിരുദത്തിൽ ഒപ്പിടാനായി ഓഡിറ്റോറിയത്തിലെ ഗ്രീൻ റൂമിൽ പ്രവേശിക്കാൻ ഗവർണറെ അനുവദിച്ചു. എന്നാൽ, വേദിയിലേക്ക്​ കടക്കാൻ സമ്മതിച്ചില്ല. വൈസ് ചാൻസലർ സൊണാലി ചക്രവർത്തി ബന്ദോപാദ്ധ്യായ ഇടപെട്ടിട്ടും വിദ്യാർത്ഥികൾ അയയുന്നില്ലെന്ന് കണ്ടതോടെ ഗവർണർ മടങ്ങി.

1857ൽ ആരംഭിച്ച സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണറുടെ അഭാവത്തിൽ ബിരുദദാന ചടങ്ങ് നടത്തുന്നത്.

2019 ഡിസംബർ 24ന്​ ജാദവ്​പൂർ യൂണിവേഴ്​സിറ്റിയിലും ഗവർണറെ തടഞ്ഞിരുന്നു.