coronavirus

ബീജിംഗ്:ചൈനയിൽ നിരവധി പേരുടെ ജീവനെടുക്കുകയും ലോകത്തിനാകെ ഭീഷണിയാവുകയും ചെയ്‌തിരിക്കുന്ന കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകൾ ആശങ്ക പരത്തുന്നു. ഇസ്രയേലിന്റെ മുൻ സൈനിക ഇന്റലിജൻസ് ഓഫീസറും ജൈവായുധ യുദ്ധവിദഗ്ദ്ധനുമായ ഡാനി ഷോഹാമിന്റേതാണ് ഈ നിഗമനം.

ചൈനയിലെ മദ്ധ്യ ഹ്യൂബൈ പ്രവിശ്യയുടെ തലസ്ഥാന നഗരമായ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം. അവിടെയാണ് ഏറ്റവും കൂടുതൽ രോഗബാധയും മരണവും റിപ്പോർട്ട് ചെയ്‌തതും. ചൈനയുടെ അത്യാധുനിക വൈറസ് ഗവേഷണ ലബോറട്ടറിയായ 'വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി' ഇവിടെയാണ്. മറ്റ് പല ജൈവ ഗവേഷണ ശാലകളും ഇവിടെയുണ്ട്. ചൈനയുടെ രഹസ്യ ജൈവയുദ്ധ പദ്ധതിക്ക് വുഹാനിലെ ഈ ലബോറട്ടറികളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ചൈനീസ് പട്ടാളത്തിന് ജൈവയുദ്ധത്തിനുള്ള ജൈവായുധങ്ങൾ നിർമ്മിക്കുന്നത് ഈ ലാബുകളിലാണത്രേ. മറ്റ് രോഗാണു ഗവേഷണങ്ങളുടെ അനുബന്ധമായാണ് ജൈവായുധ ഗവേഷണം നടക്കുന്നതെന്നാണ് ചൈനയുടെ ജൈവായുധങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഷോഹാമിന്റെ നിഗമനം.

ലബോറട്ടറിയിൽ അണുബാധയേറ്റ് പുറത്തു പോയ ഒരാളിൽ നിന്നോ പരീക്ഷണത്തിനിടെ രോഗാണുക്കൾ ചോർന്നോ ആവാം കൊറോണ വൈറസ് പുറത്തേക്ക് പോയതെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ തെളിവുകളൊന്നും ഇല്ല.

കൊറോണ വൈറസിനെ ചൈന ജൈവായുധ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും, അതിന് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ വിറ്റ കാട്ടുമൃഗങ്ങളുടെ മാംസത്തിൽ നിന്നാണ് വൈറസ് പരന്നതെന്നാണ് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഗാവോ ഫു പറഞ്ഞത്.

കൊറോണ വൈറസിനെ പറ്റി അമേരിക്കയ്‌ക്കെതിരായ ചില അഭ്യൂഹങ്ങൾ ചൈനീസ് ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥൻ വാഷിംഗ്ടൺ ടൈംസിനോട് പറ‌‌‌‌ഞ്ഞു. വ്യാപാരയുദ്ധത്തിൽ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകർക്കാൻ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നാണ് പ്രചാരണം.

അതേസമയം, ആക്രമണ ശേഷിയുള്ള ജൈവായുധങ്ങൾ തങ്ങളുടെ പക്കൽ ഇല്ലെന്ന് ചൈന മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ചൈന രഹസ്യമായ ജൈവ യുദ്ധ പദ്ധതികൾ ആവിഷ്‌കരിക്കുന്നതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ വർഷം ഒരു റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.