കൊച്ചി : ബാങ്ക് ജീവനക്കാർ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ദേശവ്യാപകമായി പണിമുടക്കും. സേവന വേതന കരാർ പരിഷ്കരിക്കുക, പഞ്ചദിനവാരം നടപ്പാക്കുക, സ്പെഷ്യൽ അലവൻസ് അടിസ്ഥാന ശമ്പളത്തോടൊപ്പം സംയോജിപ്പിക്കുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പങ്കെടുക്കും.
30ന് അർദ്ധരാത്രി മുതൽ ഫെബ്രുവരി ഒന്ന് അർദ്ധരാത്രി വരെ 48 മണിക്കൂറാണ് പണിമുടക്ക്. ഞായാറാഴ്ച അവധിയായതിനാൽ മൂന്നു ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടും. പ്രതിഷേധ റാലികളും ധർണകളും നടക്കും. ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രിക്കുള്ള നിവേദനം ജില്ലാ കളക്ടർമാർ മുഖേന സമർപ്പിക്കും.
ശമ്പളപരിഷ്കരണ ചർച്ചകളിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് യുണെെറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീരുമാനമുണ്ടായില്ലെങ്കിൽ മാർച്ച് 11, 12,13 തീയതികളിൽ പണിമുടക്കും. ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഫോറം കൺവീനർ സി.ഡി. ജോസൺ, നേതാക്കളായ അബ്രാഹാം ഷാജി ജോൺ, അൻസിൽ .കെ.എൻ, കെ. സത്യനാഥൻ, എസ്.എസ്. അനിൽ എന്നിവർ പറഞ്ഞു.