wonderla

കൊച്ചി: പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർല ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ 45 ശതമാനം വർദ്ധനയോടെ 21.03 കോടി രൂപ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 14.52 കോടി രൂപയായിരുന്നു. നടപ്പുവർഷത്തെ ആദ്യ ഒമ്പത് മാസക്കാലത്ത് ലാഭം 48.43 കോടി രൂപയിൽ നിന്ന് 31 ശതമാനം ഉയർന്ന് 63.22 കോടി രൂപയായി. കേന്ദ്രസർക്കാർ കോർപ്പറേറ്ര് നികുതി വെട്ടിക്കുറച്ചതാണ് കമ്പനിക്ക് നേട്ടമായത്.

കഴിഞ്ഞപാദത്തിൽ 72.74 കോടി രൂപയും ഒമ്പതുമാസക്കാലത്തിൽ 237.97 കോടി രൂപയുമാണ് വരുമാനം. മൂന്നാംപാദത്തിൽ ഹൈദരാബാദ് പാർക്ക് ഒമ്പതു ശതമാനവും കൊച്ചി പാർക്ക് രണ്ടു ശതമാനവും വർദ്ധന സന്ദർശകരുടെ എണ്ണത്തിൽ നേടി. എന്നാൽ, ബംഗളൂരു പാർക്ക് 22 ശതമാനം കുറവ് രേഖപ്പെടുത്തി. വണ്ടർല റിസോർട്ടിൽ ഇക്കാലയളവിൽ 43 ശതമാനം മുറികൾ വിറ്റഴിക്കപ്പെട്ടു.

സമ്പദ്‌മാന്ദ്യം വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് ചെലവ് ചുരുക്കുന്നത് അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന് വണ്ടർല ഹോളിഡേയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ജോർജ് ജോസഫ് പറഞ്ഞു. കമ്പനിയുടെ ചെന്നൈ, ഒഡീഷ പാർക്കുകളുടെ നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.