wonder-la

കൊച്ചി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകൾക്കായി വണ്ടർ‌ല ഏർപ്പെടുത്തിയ പരിസ്ഥിതി ഊർജ സംരക്ഷണ അവാർഡുകളിൽ തൃശൂർ കുന്നംകുളത്തെ എക്‌സൽ പബ്ളിക് സ്‌കൂൾ ഒന്നാംസ്ഥാനം നേടി. എസ്.എച്ച് ഹയർ‌ സെക്കൻഡറി സ്‌കൂൾ, പെരുന്ന (കോട്ടയം), ചാവറ ദർശൻ സി.എം.ഐ പബ്ളിക് സ്‌കൂൾ, കൂനമ്മാവ് (എറണാകുളം) എന്നിവ രണ്ടാംസ്ഥാനം കരസ്ഥമാക്കി.

എം.എൻ.യു.ജെ.എൻ ഹയർ സെക്കൻഡറി സ്‌കൂൾ, മധുര (തമിഴ്‌നാട്), കെ.ഇ. കാർമ്മൽ സെൻട്രൽ സ്‌കൂൾ, മുഹമ്മ (ആലപ്പുഴ), സെന്റ് മേരീസ് എച്ച്.എസ്.എസ്, പട്ടം (തിരുവനന്തപുരം) എന്നിവ മൂന്നാംസ്ഥാനം നേടി. മികച്ച നിലവാരം പുലർത്തിയ 30 സ്‌കൂളുകൾ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50000 രൂപ, 25000 രൂപ, 15000 രൂപ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.

പരിസ്ഥിതി ഊർജ സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകുകയും പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്‌ത അദ്ധ്യാപകർക്കും ഇക്കുറി പുരസ്‌കാരമുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ സിസ്‌റ്റർ ജിജി പി. ജെയിംസ് ഒന്നാംസ്ഥാനം നേടി. തിരുവനന്തപുരം പാങ്ങോട് കെ.വി.യു.പി.എസിലെ എ.എം. അൻസാരി, വയനാട് വൈത്തിരി ജവഹർ നവോദയ വിദ്യാലയയിലെ കെ.എം. അസ്‌കർ അലി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

യഥാക്രമം 20000 രൂപ, 15000 രൂപ, 10000 രൂപ എന്നിങ്ങനെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ഇവർക്ക് ലഭിക്കും. ഫെബ്രുവരിയിൽ വണ്ടർല കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.