കൊല്ലം: ബംഗളൂരുവിലെ കഠിനപരിശീലനത്തിനുശേഷം ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ കേരള ടീം ഇന്നെത്തും. ഇന്ന് രാവിലെ 7.30ന് കൊച്ചുവേളി എക്സ്പ്രസിൽ പതിനെട്ടംഗ ടീം കൊല്ലത്തെത്തും.
കരുത്തർ ഉൾപ്പെട്ട പൂൾ എയിലാണ് കേരളം. നാളെ ആരംഭിക്കുന്ന എ ഡിവിഷൻ മത്സരത്തിൽ കേരളം ഒഡീഷയെ നേരിടും.
ഫെബ്രുവരി ഒന്നിന് ഹിമാചലിനെതിരെയാണ് ആതിഥേയരുടെ അടുത്ത മത്സരം. അതിന് ശേഷം മദ്ധ്യപ്രദേശിനെ നേരിടും. ഫെബ്രുവരി 3ന് പൂളിലെ അവസാന മത്സരത്തിൽ ഭോപ്പാലിനെയാണ് നേരിടേണ്ടിയിരുന്നതെങ്കിലും അവരുംടൂർണമെന്റിൽ പങ്കെടുക്കുന്നില്ല.
കൊല്ലം സായി, തൃശൂർ സെന്റ് മേരീസ് കോളേജ്, പത്തനംതിട്ട മാർത്തോമ്മ കോളേജ്, ആലുവ യു.സി കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് കേരളത്തിനായി പോരാടുന്നത്.
ബംഗളൂരു 'സായി'യിൽ പുതിയ കോച്ച് ശങ്കർ ടോൾമാട്ടിയുടെ കീഴിലായിരുന്നു കേരളത്തിന്റെ പരിശീലനം. കഴിഞ്ഞ വർഷം ഹരിയാനയിൽ പഞ്ചാബിനോട് അടിയറവ് പറഞ്ഞ് മടങ്ങിയ കേരളത്തിന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. പൂൾ എയിൽ മത്സരിക്കുന്ന രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര ടീമുകൾ കൊല്ലത്ത് എത്തിയിട്ടുണ്ട്.