പാറ്റ്‌ന:പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രസംഗത്തിനിടെ രാജ്യദ്രോഹ പരാമർശം നടത്തിയെന്നാരോപിച്ച് ജവഹർലാൽ നെഹ്‌റു സർവകലാശാല ഗവേഷക വിദ്യാർത്ഥി ഷാർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തു.
മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നലെ സ്വദേശമായ ബീഹാറിലെ ജെഹനാബാദിൽ നിന്നാണ് ഷാർജീലിനെ പൊലീസ് പിടികൂടിയത്. കോടതിയിൽ കീവടങ്ങാൻ അഭിഭാഷകനൊപ്പം കാറിൽ പോകുമ്പോഴാണ് അറസ്റ്റെന്നും റിപ്പോർട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ 16ന് അലിഗഡ് മുസ്ളീം സർവകലാശാലയിലും ഷഹീൻബാഗിലും ഉൾപ്പടെ ഷർജീൽ നടത്തിയ പ്രസംഗങ്ങളെല്ലാം രാജ്യദ്രോഹക്കുറ്റമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസാമിനേയും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും ഇന്ത്യയിൽ നിന്ന് 'മുറിച്ചു മാറ്റണ'മെന്ന് ഷർജീൽ പ്രസംഗിച്ചിരുന്നു. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിവാദ പ്രസംഗത്തിൽ യു.പി, അസം, മണിപ്പൂർ, അരുണാചൽപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഷർജീലിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഷർജീലിനായി
ദേശീയ ഏജൻസികളും ജെഹാനബാദ് പൊലീസും തിരച്ചിൽ ആരംഭിച്ചിരുന്നു. മുംബയ്, പാറ്റ്ന, ഡൽഹി എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘത്തെ നിയോഗിച്ചു. ബീഹാറിലെ ഷർജീലിന്റെ തറവാട്ടിലും മറ്റും റെയ്ഡ് നടത്തിയ പൊലീസ് സഹോദരൻ മുസമീൽ ഇമാമിനെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. ഷഹീൻബാഗിലെ പ്രതിഷേധ സമരത്തിന്റെ സംഘാടകനാണ് ഷാർജീലെന്നും പൊലീസ് ആരോപിക്കുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 153 എ, 505 തുടങ്ങിയ കുറ്റങ്ങളാണ് ഷർജീലിനെതിരെ ചുമത്തിയിരിക്കുന്നത്.
ബോംബെ ഐ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എം.ടെക്ക് ബിരുദം നേടിയ ഷർജീൽ ആധുനിക ഇന്ത്യാചരിത്രത്തിൽ ജെ.എൻ.യുവിൽ ഗവേഷണം നടത്തുകയാണ്. അന്തരിച്ച ജനതാദൾ (യുണൈറ്റഡ്) നേതാവ് അക്ബർ ഇമാമിന്റെ പുത്രനാണ്.
പിന്തുണയുമായി വിദ്യാർത്ഥികൾ
ഷർജീൽ ഇമാമിന്റെ 40മിനിറ്റ് പ്രസംഗത്തിലെ വെറും നാല് സെക്കൻഡ് പരാമർശം ഉയർത്തിക്കാട്ടി അദ്ദേഹത്തെ ഇരയാക്കുകയാണെന്നും അതുപയോഗിച്ച് വിദ്വേഷം പടർത്തുകയാണെന്നും ഐ.ഐ.ടി ബോംബെ വിദ്യാർത്ഥികൾ പ്രസ്താവിച്ചു. ഷർജീലിന് പിന്തുണയർപ്പിച്ചുള്ള പ്രസ്താവനയിൽ 150തിലധികം വിദ്യാർത്ഥികൾ ഒപ്പിട്ടിട്ടുണ്ട്.