bharat-benz

മുംബയ്: ഡെയിംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് കമ്പനി ഭാരത് ബെൻസ് ശ്രേണിയിൽ ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പുത്തൻ വാണിജ്യ വാഹനനിരകൾ അവതരിപ്പിച്ചു. ഒരു ഡസനിലേറെ വരുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളുമാണ് മുംബയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. ബി.എസ്-6 ഇന്ധനം ലഭ്യമായ സ്ഥലങ്ങളിൽ ഇവ ആദ്യഘട്ടത്തിൽ എത്തിക്കും. പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മികച്ച ഇന്ധനക്ഷമത, ഉയർന്ന സുരക്ഷ, കണക്‌ടിവിറ്രി എന്നിങ്ങനെ ഉപഭോക്തൃ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പുത്തൻ വാഹനനിരകൾ അവതരിപ്പിക്കുന്നതെന്ന് ഡെയിംലർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സത്യകം ആര്യ പറഞ്ഞു. ബി.എസ്-6 വാഹനങ്ങളുടെ വികസനത്തിനായി 500 കോടി രൂപയുടെ നിക്ഷേപം കമ്പനി നടത്തി. ഇതുവഴി പുതിയ വാഹനങ്ങളുടെ നിർമ്മാണം 80 ശതമാനവും ഇന്ത്യയിലാക്കിയിട്ടുണ്ട്. പുതിയ വാഹനങ്ങളുടെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ബി.എസ്-4 ശ്രേണിയേക്കാൾ 10-15 ശതമാനം വില അധികമായിരിക്കുമെന്നാണ് സൂചനകൾ.