കൊച്ചി: ചൈനയിലെ കൊറോണ വൈറസ് കാരണം പണി കിട്ടിയത് കേരളത്തിലെ ഞണ്ട് കർഷകർക്ക്. കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈന മത്സ്യ ഇറക്കുമതി നിർത്തി വച്ചതാണ് ഇതിനുള്ള കാരണം. എന്നാൽ ഇത് കാരണം ഞണ്ട് കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. ദിവസങ്ങൾക്ക് മുൻപ് കിലോഗ്രാമിന് 1250 രൂപയായിരുന്നു ഞണ്ടിന്റെ വില. എന്നാൽ ഈ വില ഇപ്പോൾ 200- 250 നിലവാരത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. കയറ്റുമതി നിലച്ചതോടെ, കയറ്റുമതി മത്സ്യങ്ങൾ സുലഭമായതാണ് വലിയ തോതില്‍ വില കുറയാനുള്ള കാരണമായത്. ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മത്സ്യങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം 700 കോടി രൂപയുടെ മത്സ്യമാണ് കേരളത്തിൽ നിന്നും ചൈനയിലേക്ക് എത്തിയത്.