corona

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലേക്കും വ്യാപിക്കുന്നതായി സൂചന. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിൽ നിന്നെത്തിയ 50കാരി ബെയ്ജിംഗിൽ മരിച്ചു. ഇതോടെ ചൈനയിൽ മരണം 106 ആയി. 1291 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിൽ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4000 കവിഞ്ഞു. വൈറസ് നിയന്ത്രിക്കാൻ ശക്തമായ പ്രതിരോധ നടപടികൾ രാജ്യത്ത് തുടരുകയാണ്.

വുഹാനിലടക്കം 20 നഗരങ്ങളിൽ ഗതാഗത നിയന്ത്രണം തുടരുന്നു. ആറുകോടിയിലധികം പേർ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് പടരുകയാണ്. ഏറ്റവും ഒടുവിൽ ജർമനിയിലെ സ്റ്റാൻബെർഗിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. യു.എസും ഫ്രാൻസുമടക്കം 14 രാജ്യങ്ങളിൽ 45 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയിൽ സംശയിക്കപ്പെട്ട 73 പേരിൽ നടത്തിയ പരിശോധനകളിൽ ആരിലും വൈറസ് കണ്ടെത്തിയിട്ടില്ല.

അതിനിടെ, ഇന്ത്യയിൽ കർശന പരിശോധനകൾ തുടരുകയാണ്. നേപ്പാൾ അതിർത്തിയിൽ പ്രത്യേക ചെക്‌പോസ്റ്റ് തുറക്കും.

ചൈനയിലേക്കുള്ള എല്ലാ അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ യു.എസും കാനഡയും പൗരന്മാരോട് നിർദ്ദേശിച്ചു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ചൈനയിലെത്തി. ചൈനയിൽ സ്ഥിതിഗതികൾ ഗുരുതരമാണെങ്കിലും ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആയിട്ടില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിലപാട്. എന്നാൽ വൈറസ് മൂലമുള്ള അപകട സാദ്ധ്യത ഉയർന്നതാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൈനയ്ക്ക് പുറമേ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങൾ:

തായ്ലൻഡ്: 8

ജപ്പാൻ: 4

ദക്ഷിണ കൊറിയ: 4

യു.എസ്.: 5

വിയറ്റ്നാം: 2

സിംഗപ്പൂർ: 5

മലേഷ്യ: 4

നേപ്പാൾ: 1

ഫ്രാൻസ്: 3

ആസ്‌ട്രേലിയ: 5

കാനഡ: 1

ജർമനി: 1

കമ്പോഡിയ 1