federer

വിസ്മയ വിജയവുമായി റോജർ ഫെഡറർ ആസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ

ക്വാർട്ടറിൽ ഏഴ് തവണ മാച്ച് പോയിന്റ് അതിജീവിച്ച് സാൻഡ്ഗ്രനെ കീഴടക്കി

സിഡ്നി: പ്രായവും വെല്ലുവിളികളും ഒരിക്കൽക്കൂടി റോജർ ഫെഡറർക്ക് മുന്നിൽ തലകുനിച്ചു. ഇതാ കഴിഞ്ഞു എന്ന് എല്ലാവരും കരുതിയിടത്ത് നിന്ന് ഏഴ് തവണ മാച്ച് പോയിന്റിനെ അതിജീവിച്ച് ആസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലേക്ക് ഫെഡറർ നടന്ന് കയറിയപ്പോൾ കായിക ലോകം ഒരിക്കൽക്കൂടി ആ പ്രതിഭാസത്തിന് മുന്നിൽ ആദരവോടെ കൈകൂപ്പി. ഇന്നലെ നടന്ന ആവേശം വാനോളമുയർന്ന ക്വാർട്ടറിൽ യു.എസിന്റെ സീഡില്ലാത്താരം ടെന്നിസ് സാൻഡ്ഗ്രന്റെ കടുത്ത വെല്ലുവിളിയെ മറകടന്ന് 6-3, 2-6, 2-6, 7-6 (10/8), 6-3 നാണ് ഫെഡറർ വിജയം നേടിയത്. മൂന്നര മണിക്കൂർ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് 38 കാരനായ ഫെഡറർ തന്നെക്കാൾ പത്ത് വയസിന്റെ ഇളപ്പമുള്ള എതിരാളിയെ മറികടന്ന് സെമി ടിക്കറ്റ് ഉറപ്പിച്ചത്.

അത്യന്തം നാടകീയമായ മത്സരത്തിൽ സ്വതവേ ശാന്തനായ ഫെഡറർക്ക് ഇടയ്ക്ക് നിയന്ത്രണം വിടുന്ന സാഹചര്യം പോലും ഉണ്ടായി. മോശം വാക്കുകൾ ഉപയോഗിച്ചതിന് ചെയർ അമ്പയർ ഫെഡറരെ താക്കിത് ചെയ്തു. പേശി വലിവ് അലട്ടിയതിനാൽ ഇടയ്ക്ക് ഫെഡറർക്ക് മെഡിക്കൽ ടൈം ഔട്ട് എടുക്കേണ്ടതായും വന്നു. മത്സരത്തിൽ നന്നായി തുടങ്ങിയ ഫെഡറർ ആദ്യ സെറ്ര് അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടും മൂന്നും സെറ്രുകൾ അതിവേഗത്തിൽ സ്വന്തമാക്കി സാൻഡ്ഗ്രൻ ഫെഡററെ ഞെട്ടിച്ചു. മൂന്നാം സെറ്റിൽ പേശി വലിവ് വഷളായതിനാൽ ഫെഡറർ മെഡിക്കൽ ടൈം ഔട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നിർണായകമായ നാലാം സെറ്റിൽ ഒരു ഘട്ടത്തിൽ പിന്നിലായിപ്പോയെങ്കിലും പതറാതെ പൊരുതി ഏഴ് തവണ മാച്ച് പോയിന്റ് അതിജീവിച്ച് ഫെഡറർ അഞ്ചാം സെറ്റിലേക്ക് മത്സരം നീട്ടുകയായിരുന്നു. അഞ്ചാം സെറ്റിൽ ഫെഡറർക്ക് മുന്നിൽ വലിയ ചെറുത്ത് നില്പില്ലാതെ സാൻഡ്ഗ്രൻ കീഴടങ്ങിയതോടെ സ്വിസ് ഇതിഹാസം സെമി ഉറപ്പിക്കുകയായിരുന്നു.

നേരത്തേ മൂന്നാം റൗണ്ടിൽ മിൽമാനെതിരെ സൂപ്പർ ടൈബ്രേക്കറിൽ 4-8ന് പിന്നിൽ നിന്ന ശേഷം തുടർച്ചയായി ആറ് പോയിന്റ് നേടിയായിരുന്നു ഫെഡറർ പ്രീ ക്വാർട്ടറിലെത്തിയത്.

ഞാനിത് അർഹിച്ചിരുന്നില്ല. പക്ഷേ ഞാൻ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നു. ഇവിടെ തുടരാനായതിൽ വലിയ സന്തോഷമുണ്ട്.

ഫെഡറർ

100-ാം റൗങ്കുകാരനായ സാൻഗ്രൻ ജയിച്ചിരുന്നെങ്കിൽ 1991നുശേഷം ആസ്ട്രേലിയൻ ഓപ്പണിന്റെ സെമിയിലെത്തുന്ന റാങ്കിംഗ് കുറഞ്ഞ താരമായേനെ.

ആസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ ഫെഡറർ ഇതുവരെ തോറ്രിട്ടില്ല.

മെൽബൺ പാർക്കിൽ ഫെഡററുടെ 102-ാം വിജയം