
ന്യൂഡൽഹി: 'ഐ ലവ് കേജ്‌രിവാൾ' എന്ന് ഓട്ടോയിൽ എഴുതിയതിനു തനിക്ക് പിഴ ചുമത്തിയതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. 'ഐ ലവ് കേജ്‌രിവാൾ, കേജ്‌രിവാൾ' മാത്രം' എന്നുമായിരുന്നു ഇയാൾ സ്വന്തം ഓട്ടോയിൽ എഴുതിയിരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ പ്രവർത്തിക്കെതിരെ പിഴ ചുമത്തിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഓട്ടോ ഡ്രൈവർ ആരോപിക്കുന്നത്. സംഭവത്തിൽ ഡൽഹി പൊലീസിനോടും, തിരഞ്ഞെടുപ്പ് കമ്മീഷനോടും, ഡൽഹി സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തിനാണ് പിഴ ചുമത്തിയതെന്ന കാര്യത്തിൽ അന്വേഷണത്തിന് സമയം അനുവദിക്കണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടപ്പോൾ, ഓട്ടോക്കാരന്റെ പ്രവർത്തി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാലാണ് പിഴ ചുമത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന വിശദീകരണം.
എന്നാൽ ഈ വാദത്തെ ഓട്ടോഡ്രൈവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. ഇതൊരു രാഷ്ട്രീയ പരസ്യമല്ലെന്നും സ്വന്തം കൈയിൽ നിന്നും കാശ് മുടക്കിയാണ് ഓട്ടോക്കാരൻ തന്റെ ഓട്ടോയിൽ എഴുതിയതെന്നും അതിനു രാഷ്ട്രീയ പാർട്ടികളല്ല പണം നൽകിയതെന്നും അഭിഭാഷകൻ വാദിക്കുകയായിരുന്നു.
ഒരു വ്യക്തി സ്വന്തം പണമുപയോഗിച്ച് പരസ്യം ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഒന്നും തന്നെ പറയുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഓട്ടോയുൾപ്പെടെയുള്ള പൊതുജനങ്ങൾക്കായുള്ള വാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പതിക്കാമെന്നു 2018ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. കേസിലെ അടുത്ത വാദം നടക്കുന്ന മാർച്ച് മൂന്നിന് ഇത് സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.