china

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താൻ എയർഇന്ത്യാ വിമാനം ഉടൻ പുറപ്പെടും. കേന്ദ്ര സർക്കാരിന്റെ നിർണായ നീക്കത്തെ തുടർന്നാണ് നടപടി. അതേസമയം വിമാനത്തിന് ഇറക്കാനുള്ള അനുമതി ചൈന നൽകിയിട്ടുണ്ട്. മുംബയ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം വുഹാനിലേക്ക് പുറപ്പെടുന്നത്.

നേരത്തെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയിൽ തലസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗം ചൈനയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സംബന്ധിച്ച നിർദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നൽകിയിരുന്നു. അതേസമയം പാസ്‌പോർട്ട് കൈവശമില്ലാത്തവർ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

വിസയോ വർക്ക് പെർമിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്പോർട്ട് ചൈനീസ് അധികൃതർക്ക് നൽകിയിട്ടുള്ളവരാണ് വിവരങ്ങൾ കൈമാറേണ്ടത്. പാസ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയിൽ ഐ.ഡിയും തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 250തോളം ഇന്ത്യാക്കാർ ചൈനയിൽ കുടുങ്ങിക്കിടങ്ങുന്നുണ്ടെന്നാണ് ന്യൂസ് ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്.