ഇന്ത്യ - ന്യൂസിലൻഡ് മൂന്നാം ട്വന്റി-20 ഇന്ന്
ജയിക്കുന്ന ടീമിന് പരമ്പര
ഹാമിൽട്ടൺ: ഇന്ത്യയുടെ ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് ഹാമിൽട്ടണിൽ നടക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് മത്സരം. അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ഓക്‌ലൻഡിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയം നേടിയിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിറുത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ കളത്തിലിറങ്ങുന്നത്.
കൂൾ ഇന്ത്യ
ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയ ഇന്ത്യ സമ്മർദ്ദം ഒട്ടുമില്ലാതെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ച് അടുത്ത രണ്ട് മത്സരങ്ങളിലും ലോകകപ്പ് മുന്നിൽ നിറുത്തി പുതിയ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കാനാണ് ഇന്ത്യയുടെ ശ്രമം. രോഹിത് ശർമ്മയുടെ ഫോമാണ് ഇന്ത്യയുടെ പ്രധാന തലവേദന. നവദീപ് സെയ്‌നിക്ക് പകരം ഷർദ്ദുൾ താക്കൂർ ചിലപ്പോൾ ടീമിൽ തിരിച്ചെത്തിയേക്കും.
സാധ്യതാ ടീം: രോഹിത്, രാഹുൽ ,കൊഹ്‌ലി,ശ്രേയസ്,മനീഷ്,ദുബെ,ജഡേജ,ഷർദ്ദുൾ/നവദീപ്, ചഹൽ,ഷമി,ബുംറ
തിരിച്ചടിക്കാൻ കിവികൾ
ജയത്തിൽ കുറഞ്ഞൊന്നും കിവീസ് ചിന്തിക്കുന്നില്ല. കോളിൻ ഗ്രാൻഡ് ഹോമെ നിരാശപ്പെടുത്തുന്നത് അവരെ വലയ്ക്കുന്ന പ്രധാന ഘടകമാണ്. ബൗളിംഗ് ആൾ റൗണ്ടർ ഡീരിൽ മിച്ചൽ ഇന്ന് കളിച്ചേക്കും.
സാധ്യതാ ടീം : ഗപ്ടിൽ, മൂൺറോ, വില്യംസൺ,ഗ്രൻഡ്ഹോമ്മെ, ടെയ്ലർ,സെയ്ഫർറ്ര്, സാന്റനർ/ഡാരിൽ,സോധി,സൗത്തി, ടിക്നർ/കുഗ്ഗെലെയ്ജൻ,ബെന്നറ്ര്.
ഇന്നത്തെ മത്സരം ജയിച്ചാൽ ന്യൂസിലൻഡിൽ ആദ്യമായി ഇന്ത്യയ്ക്ക് ട്വന്റി-20 പരമ്പര സ്വന്തമാക്കാം
സെഡ്ഡൻ പാർക്കിൽ അവസാനം നടന്ന നാല് ട്വന്റി-20യിലും ആദ്യം ബാറ്ര് ചെയ്ത ടീമാണ് ജയിച്ചത്.