ബെയ്ജിങ് ∙ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ചൈനയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന നടപടികളോട് വിമുഖത കാണിച്ച് ചൈന. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ വ്യക്തമാക്കി. മറ്റു രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കുന്നതിനോടാണ് ചൈനയ്ക്ക് വിമുഖത ഉള്ളത്. ഏകദേശം 250 ഇന്ത്യക്കാരാണ് ചൈനയിലെ വുഹാനിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ചൈന നിലപാട് അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിപ്പിക്കൽ സാധ്യമല്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുൻ വെയ്ഡോംഗ് പറയുന്നത്. രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടികൾ പുരോഗമിക്കുകയാണെന്ന സന്ദേശം വിദേശകാര്യമന്ത്രാലയം നൽകിയതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, തയാറായിരിക്കാൻ ഇന്ത്യൻ എംബസിയിൽ നിന്നു വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചു. നാട്ടിലേക്കു തിരിക്കുന്ന തീയതി അറിയിക്കാമെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചെന്നും ഉടൻ നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മലയാളി വിദ്യാർഥികൾ പറഞ്ഞു. കൊറോണ വൈറസ് പടർന്ന വുഹാൻ നഗരത്തിലുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് എയർ ഇന്ത്യ വിമാനം അയയ്ക്കാൻ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) അനുമതി നൽകി.