കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിശദാംശങ്ങൾ നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്ക് രാജ്ഭവൻ നിർദ്ദേശം നൽകി. മന്ത്രിമാരുടെ പ്രസംഗത്തിന്റെ പത്രവാർത്തകളുടെ സ്‌കാൻ ചെയ്ത പകർപ്പ് അയച്ച് കൊടുക്കണമെന്നാണ് രാജ്ഭവൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മന്ത്രിമാർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് ഗവർണറുടെ ഈ നീക്കമെന്നാണ് ലഭിക്കുന്ന വിവരം. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെ വാർത്തയുടെ പകർപ്പ് രാജ്ഭവൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇത് ആദ്യമായാണ് മന്ത്രിമാരുടെ പ്രസംഗത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ ഗവർണർ സർക്കാരിനെതിരെ തുറന്ന ഏറ്റുമുട്ടൽ നടത്തിക്കൊണ്ടിരിക്കെയാണ് ഈ അസാധാരണ ആവശ്യം വരുന്നത്. രാജ്ഭവന്റെ നിർദ്ദേശം സംബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പ് തീരുമാനിക്കുന്നത് പോലെ ചെയ്യാമെന്ന ധാരണയിലാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർ.