മലയാളിയുടെ സദാചാര പേടികൾ ഏറെ പ്രശസ്തമാണ്. ഒരു ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതോ, പരസ്പരം സ്പർശിക്കുന്നതോ, ചുംബിക്കുന്നതോ സാധാരണ മലയാളിക്ക്(അത് സ്ത്രീയായാലും പുരുഷനായാലും) അത്ര സുഖമുണ്ടാക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെയാണ് നാട്ടിൽ സദാചാര ആക്രമണങ്ങൾ പെരുകുന്നതും. ഈ ചിന്താഗതിയുടെ പ്രതിഫലനങ്ങൾ പൊതുവിടങ്ങളിലും പ്രകടമായി നമ്മുക്ക് കാണാൻ സാധിക്കും. ബസിലോ അതുപോലുള്ള പൊതുഗതാഗത സംവിധാനങ്ങളിലോ അപരിചിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യുന്നത് നമ്മൾ കാണാറില്ല. സ്‌കൂളുകളിൽ നിന്നും ആരംഭിക്കുന്ന ഈ പ്രവണത പിന്നീട് നമ്മൾ ശീലമാക്കി മാറ്റുകയാണ്. ഈ ചിന്താഗതിയെ എതിർത്തുകൊണ്ട്, സഹജീവിയായ എതിർലിംഗത്തിൽ പെട്ടയാളുടെ ഒപ്പം ഇരിക്കുന്നതിൽ എന്ത് കുഴപ്പമാണ് ഉള്ളതെന്ന് ചോദിക്കുകയാണ് നർത്തകിയും ഡോക്ടറുമായ ഷിനു ശ്യാമളൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'സ്കൂളുകളിൽ കുട്ടികളെ ചെറിയ ക്ലാസ്സുകളിൽ മുതൽ ഇത് ബോയ്സ്, ഇത് ഗേൾസ് എന്നു പറഞ്ഞു അവരെ മാറ്റി ഇരുത്തി, ഉച്ചക്ക് ഉറങ്ങുന്ന സമയത്തും കെ.ജി ക്ലാസ്സുകളിൽ പോലും പരസ്പരം മാറ്റുന്നത് ശെരിയാണോ?
ആൺകുട്ടിയും പെൺകുട്ടിയും ഒരുമിച്ചു ഒരു ക്ലാസ്സിൽ ഒരു ബെഞ്ചിൽ ഇരുന്നാൽ എന്താണ് സംഭവിക്കുന്നത്? അവരെ ഇങ്ങനെ പരസ്പരം അകത്തിയിരുത്തിയിട്ട് എന്താണ് നേടുന്നത്?
എന്റെ ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ഗേൾസ് സ്കൂളിൽ പഠിച്ചു. വലുതായപ്പോഴും ആൺകുട്ടികളോട് മിണ്ടാനും ഇടപഴക്കാനും പേടിയാണ്. വിവാഹത്തിന് പോലും ഭയമായിരുന്നു.
ആണും പെണ്ണും പരസ്പരം കളിച്ചും ചിരിച്ചും വളരട്ടെ. അകത്തിയകത്തി പേടിപ്പിച്ചു പേടിപ്പിച്ചു അവസാനം പെണ്ണിന് ആണിനേയും ആണിന് പെണ്ണും അന്യഗ്രഹ ജീവികളെ പോലെയാക്കേണ്ട ആവശ്യമുണ്ടോ?
അകത്തിയകത്തി നിർത്തിയിട്ട് എന്താ പ്രയോജനം? ഒന്നും തന്നെയില്ല. ഭയമില്ലാതെ എതിർ ലിംഗത്തോട് ഇടപഴകി സ്കൂളുകളിൽ നിന്ന് തന്നെ കുട്ടികൾ സാമൂഹ്യ ജീവികളായി ജീവിക്കുവാൻ പഠിക്കണം. ഞാൻ കണ്ണൂർ പോയപ്പോൾ ഒരു പുരുഷൻ എന്റെയടുത്ത് ബസ്സിൽ വന്നിരുന്നു. ഞാൻ എഴുന്നേറ്റ് പോകാൻ അയാളോട് അവശ്യപ്പെട്ടില്ല. എന്റെ സ്റ്റോപ്പ് വന്നപ്പോൾ ഞാൻ ഇറങ്ങി.
എന്റെ ദേഹത്ത് ഒന്നു സ്പർശിക്കുക പോലും ചെയ്തില്ല അയാൾ. മോശമായി പെരുമാറിയാൽ പ്രതികരിക്കാൻ ഞാൻ തയ്യാറായിരുന്നു. വിദേശ രാജ്യങ്ങളിൽ പലയിടത്തും പുരുഷനും സ്ത്രീയും ബസ്സിൽ ഒരുമിച്ചു ഇരുന്ന് യാത്ര ചെയ്യുന്നതാണ് കാണുക. ഇവിടെ എല്ലായിടത്തും പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ സീറ്റുകൾ. പറഞ്ഞിട്ട് കാര്യമില്ല.
കുട്ടിക്കാലം മുതൽ ആണിനേയും പെണ്ണിനേയും വെവേറെ ബെഞ്ചിലിരുത്തിയും അവനേയും അവളെയും അകലത്തിൽ വളർത്തിയിട്ട് പെട്ടെന്ന് ഒരു ദിവസം ബസ്സിൽ ഒരുമിച്ചു ഇരുത്തിയാൽ ഇരിക്കുവാൻ പറ്റുമോ? കല്യാണം കഴിക്കാൻ ഒരു ചായ കുടിക്കാൻ പോയാ മതി എന്നുള്ള നാട്ടിൽ ഒരേ ബെഞ്ചിൽ ഇരുന്ന് പഠിക്കണം എന്നില്ല പര്സപരം മനസ്സിലാക്കാൻ എന്നു പറയുന്നവരോട് എന്ത് പറയാൻ ?
Dr. Shinu'