തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രി പിണറായി വിജയനു ശുപാർശ നൽകിയത്.
കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ ആറ് മാസം മാത്രമേ സസ്പെൻഷനിൽ ഇരുത്താൻ സാധിക്കൂ. എന്നാൽ കുറ്റപത്രത്തിൽ പേരുണ്ടെങ്കിൽ സസ്പെൻഷൻ റദ്ദു ചെയ്യാൻ സാധിക്കില്ലെന്നാണ് നിയമം.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മൂന്നിനു രാത്രിയാണ് ബഷീർ തിരുവനന്തപുരത്ത് കാറിടിച്ച് കൊല്ലപ്പെടുന്നത്.
അപകടം നടക്കുന്ന സമയത്ത് താനല്ല, ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചിരുന്നതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണം.അപകട സമയത്തു താൻ മദ്യപിച്ചിരുന്നു തുടങ്ങിയ ആരോപണങ്ങളെല്ലാം 7 പേജുള്ള കത്തിൽ അദ്ദേഹം നിഷേധിച്ചിരുന്നു.