കൊച്ചി:നഷ്‌ടക്കൂമ്പാരത്തിൽ ഒന്നാംസ്ഥാനത്താണ് ബി.എസ്.എൻ.എൽ .2018-19ലെ നഷ്‌ടം 14,000 കോടി രൂപ. രണ്ടാംസ്ഥാനത്തുള്ള എയർ ഇന്ത്യ കുറിച്ചത് 8,556 കോടി രൂപ. എം.ടി.എൻ.എല്ലിന്റേത് 3,390 കോടി രൂപ.
എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനാണ് 100 ശതമാനം ഓഹരികളും സർക്കാർ വിറ്റൊഴിയുന്നത്.
എന്നാൽ, പ്രതിരോധ മേഖലയിൽ ഉൾപ്പെടെ രാജ്യസുരക്ഷയെ ബാധിക്കുന്ന ഒട്ടേറെ രംഗത്ത് ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും നിർണായക വേഷം ഉള്ളതിനാൽ വിറ്റൊഴിയാനാവില്ല. പകരം, പൊതുമേഖലയിലെ ഈ രണ്ടു കമ്പനികളെയും ഒന്നിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
രക്ഷയ്ക്കൊരു പാക്കേജ്
സർക്കാർ ഫണ്ടിന് പുറമേ, പൊതു വിപണിയിൽ നിന്ന് പണം സ്വരൂപിച്ചാണ് ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും ലയിപ്പിക്കുന്നത്. സ്വകാര്യ കമ്പനികളോട് മത്സരിക്കാൻ 4ജി സ്‌പെക്‌ട്രവും അനുവദിക്കും. പാക്കേജ് ഇങ്ങനെ:
സർക്കാർ ഫണ്ട്/വി.ആർ.എസ് : ₹29,937 കോടി
4ജി സ്‌പെക്‌ട്രത്തിന് നൽകുക : ₹20,140 കോടി
ബോണ്ടിലൂടെ : ₹15,000 കോടി
4ജിയിലെ ജി.എസ്.ടി : ₹3,674 കോടി
ആകെ : ₹ 68,751 കോടി
എന്തുകൊണ്ട് വീഴ്ച
ആവശ്യത്തിലധികം ജീവനക്കാരും ശമ്പളവും പെൻഷനും ഉൾപ്പെടെ താങ്ങാനാവാത്ത ബാദ്ധ്യതകളുമാണ് ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും തകർച്ചയിലേക്ക് നയിച്ചത്. ബി.എസ്.എൻ.എല്ലിന് 2018-19ലെ കണക്കുപ്രകാരം 1.63 ലക്ഷം ജീവനക്കാരുണ്ട്. എം.ടി.എൻ.എല്ലിന് 21,708.
വീഴ്‌ചയുടെ കാരണങ്ങൾ:
ബി.എസ്.എൻ.എൽ വരുമാനത്തിന്റെ 77 ശതമാനവും എം.ടി.എൻ.എൽ 87 ശതമാനവും ചെലവിടുന്നത് ജീവനക്കാർക്കായി. സ്വകാര്യ കമ്പനികൾക്കിത് വരുമാനത്തിന്റെ 5% മാത്രം.
850 കോടി രൂപയാണ് ബി.എസ്.എൻ.എല്ലിന്റെ പ്രതിമാസ ശമ്പളച്ചെലവ്. എം.ടി.എൻ.എല്ലിന് 160 കോടി
വയർലെസ് രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ഇരു കമ്പനികളും ഏറെ വൈകി. 2002ലാണ് ബി.എസ്.എൻ.എൽ മൊബൈൽ സേവനം ആരംഭിച്ചത്.
4ജി സ്‌പെക്‌ട്രം ഇല്ലാതിരുന്നതും ലാൻഡ്‌ലൈനിൽ തന്നെ പിടിച്ചുതൂങ്ങിയതും വിനയായി
മറ്റു മൊബൈൽ നെറ്ര്‌വർക്കുകളിൽ നിന്ന് കാൾ വരുമ്പോൾ ലഭിക്കുന്ന വരുമാനമായ ഇന്റർകണക്‌ട് യൂസേജ് ചാർജ് (ഐ.യു.സി) കുറഞ്ഞത് തിരിച്ചടി.