kerala-governor

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിൽ വായിച്ചു. നേരത്തെ വിമർശനങ്ങൾ വായിക്കില്ലെന്നറിയിച്ച ഗവർണർ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് വായിച്ചത്. തന്റെ അഭിപ്രായമല്ലെന്നും പറഞ്ഞ ശേഷമാണ് ഗവർണർ പരാമർശം വായിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ ഗവർണർ മാറ്റിയിരിക്കുന്നത്. നേരത്തെ നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടഞ്ഞിരുന്നു. 'ഗോബാക്ക്' വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി.

തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു.