കേന്ദ്രസർക്കാരിന്റെ ദേശീയ ജനസംഖ്യ രജിസ്റ്ററിനും ദേശീയ പൗരത്വ രജിസ്റ്ററിനും മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി യൂത്ത് കോൺഗ്രസ്. എൻ.ആർ.യു എന്ന പേരിലായിരിക്കും ഈ രജിസ്റ്റർ അറിയപ്പെടുക. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരമൊരു പ്രചാരണവുമായി രംഗത്തെത്തിയത് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് അറിയിച്ചു. രാജ്യത്തെ യുവജനങ്ങളുടെ ശബ്‌ദമാവുക എന്നതാണ് ലക്ഷ്യം.
രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാർ 8151994411 എന്ന ടോൾ ഫ്രീ നമ്പറിൽ മിസ്‌കോൾ നൽകിയാൽ പട്ടികയിൽ ഉൾപ്പെടുത്തും. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓരോ വീട്ടിലും കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനുവരി 28ന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇടപെടുമെന്നും ബി.വി.ശ്രീനിവാസ് പറഞ്ഞു.