മലയാള സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവേകിയ ചിത്രമായിരുന്നു ദൃശ്യം. 2013ൽ ജിത്തു ജോസഫ് സംവിധാനം ചെയ‌്ത് മോഹൻലാൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായി മാറുകയായിരുന്നു. എന്നാൽ ദൃശ്യം ഇറങ്ങിയതിന് പിന്നാലെ യാദൃശ്‌ചികമായോ അല്ലാതെയോ കേരളത്തിൽ നടന്ന നിരവധി കൊലപാതങ്ങൾക്ക് സിനിമയുടെ മാനം കൈവന്നു. 'ദൃശ്യം മോഡൽ' കൊലപാതക പരമ്പരകൾ തന്നെ അരങ്ങേറി. ഇപ്പോഴിതാ ദൃശ്യം സിനിമ കേരളത്തിൽ വളരെ ദോഷം ചെയ്‌തിട്ടുണ്ടെന്ന് പറയുകയാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായ കെ.എം. ടോണി. റിട്ടയർമെന്റിനോടനുബന്ധിച്ച് ആലപ്പുഴ പ്രസ് ക്ളബ് നൽകിയ ആദരവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'എല്ലാ കേസുകളും തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒന്നുപോലും തെളിയാതിരുന്നിട്ടില്ല. ചിലതൊക്കെ സാധാരണങ്ങളായ മെർഡറുകൾ ആയിരുന്നെങ്കിൽ മറ്റുചിലത് ഒരു തെളിവും ഇല്ലാത്തതായിരുന്നു. അവയൊക്കെ എന്നെ വളരെയധികം വിഷമിപ്പിച്ചിട്ടുമുണ്ട്. ദൃശ്യം സിനിമ വളരെ ദോഷം ചെയ്‌തിട്ടുണ്ട്. കാരണം ഒരു കേസിൽ, അമേരിക്കയിൽ ജോലി ചെയ്യുന്ന ആളുടെ വീട്ടിലാണ് ശവം അടക്കിയത്. വളരെ വലിയ കോമ്പൗണ്ടുള്ള വീടാണത്. പ്രതികൾ മതിൽ ചാടി കടന്നാണ് കുഴിച്ചു മൂടിയത്. ചീഞ്ഞളിഞ്ഞ മൃതദേഹം പതിനാറാമത്തെ ദിവസമാണ് പുറത്തെടുത്തത്'.