ചെറുതുരുത്തി: കണ്ണൂർ ജയിലിൽ നിന്നും കാക്കനാട് ജയിലിലേക്ക് ട്രെയിനിൽ കൊണ്ടുപോകുകയായിരുന്ന ബംഗ്ലാദേശുകാരനായ കൊള്ള സംഘത്തിന്റെ തലവൻ കൂടെയുള്ള പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും ഇറങ്ങിയോടി. ബംഗ്ലാദേശിലെ ബോറിസൽ സ്റ്റേറ്റിൽ ഇന്ദൂർ കണി പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട മുത്തലിബ് സർദാർ മകൻ മാണിക് മാസ്റ്ററാണ് (35) ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ഭാരതപ്പുഴ പാലത്തിന് സമീപം ട്രെയിനിൽ നിന്നും ഇറങ്ങിയോടിയത്. ഏറനാട് എക്‌സ്പ്രസിൽ നിന്നുമാണ് പ്രതി രക്ഷപ്പെട്ടത്. സമീപ പ്രദേശങ്ങളിൽ തെരച്ചിൽ
നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
മാദ്ധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് 60 പവൻ കവർന്നതടക്കം ഒട്ടേറെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമാണ് ഇയാൾ. കേസിൽ ഒരു വർഷം മുൻപാണ് മാണിക്ക് പിടിയിലായത്. പ്രത്യേക പൊലീസ് സംഘം ഇയാളെ ഡൽഹിവരെ പിന്തുടർന്നാണ് പിടികൂടിയത്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊള്ളസംഘമായ 'ബംഗ്ലാ ഗ്യാങ്ങി'ന്റെ തലവൻമാരിൽ ഒരാളാണ് മാണിക്ക് എന്നു പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ ആറിനു പുലർച്ചെയാണ് ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടിസംഘം ദമ്പതികളെ മർദിച്ചു കെട്ടിയിട്ടു സ്വർണവും പണവും കവർന്നത്. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രൻ (53), ഭാര്യ സരിത (50) എന്നിവർക്കു കവർച്ചയ്ക്കിടയിൽ ഗുരുതര പരുക്കേറ്റിരുന്നു. കവർച്ച നടത്തിയ ദിവസം തന്നെ അക്രമത്തിനു പിന്നിൽ ബംഗ്ലദേശ് അതിർത്തിപ്രദേശത്തുള്ള കൊള്ളസംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചറിഞ്ഞിരുന്നു.
അറസ്റ്റിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയായി കഴിയുകയായിരുന്ന ഇയാൾ ഒരാഴ്ച മുൻപു സഹതടവുകാരനെ ആക്രമിച്ചിരുന്നു. അടിപിടിയിൽ ഇയാളുടെ തലയ്ക്കും മുറിവേറ്റു. ഇത് ജയിൽമാറ്റം ലഭിക്കാൻ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്നു സംശയിക്കുന്നു. എറണാകുളം ജില്ലാ ജയിലിലേക്കു മാറ്റാൻ ഉത്തരവായതോടെ 3 പൊലീസുകാരുടെ അകമ്പടിയിൽ വിലങ്ങണിയിച്ചാണ് മാണിക്കിനെ കൊണ്ടപോയത്. എന്നാൽ, പൊലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടമ്പോൾ ടീഷർട്ടും ബർമുഡയുമാണ് വേഷം. തലയിൽ മുറിവു വച്ചുകെട്ടിയതിന്റെ പാടുണ്ട്.