nirbhaya-case

ന്യൂ‌ഡൽഹി: നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് (32) സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ നേരത്തേ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രാഷ്ട്രപതിക്കു സമർപ്പിക്കപ്പെട്ടില്ലെന്നും,​ രാഷ്ട്രപതി തിടുക്കത്തിൽ ദയാഹർജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാർ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്.

തിഹാർ ജയിലിൽ തന്നെ ഏകാന്തതടവിലിട്ടെന്നും,​ ലൈംഗികപീഡനത്തിന് ഇരയായെന്നും മുകേഷ് വാദിച്ചിരുന്നു. എന്നാൽ അതൊന്നും ദയാഹർജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്ററി ജനറൽ തുഷാ‍ർ മേത്ത പറഞ്ഞു.

2012ലാണ് ഡൽഹി നിർഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ,​ പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ വിചാരണക്കാലയളവിൽ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതി 2015ൽ കേസിൽ നിന്നും മോചിതനായി. മറ്റ് നാലു പ്രതികൾക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.