കൊച്ചി: റെയിൽവേ സുരക്ഷയ്ക്ക് പുത്തൻ മാർഗങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റെയിൽവേ പൊലീസ്. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലാണ് ഗോപ്രോ ക്യാമറകൾ ഘടിപ്പിച്ച ഡോഗ് സ്‌ക്വാഡ് റോന്തുചുറ്റുന്നത്. റെയിൽവേ സ്റ്റേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സ്റ്റേഷനിലും പരിസരത്തും നായ്ക്കൾ കറങ്ങിനടക്കുന്നത്.
ആദ്യഘട്ടത്തിൽ നാലു നായ്ക്കളുടെ മുകളിലാണ് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്. തലയ്ക്ക് മുകളിൽ അല്പം ഉയർന്ന് നിൽക്കുന്ന രീതിയിലാണ് ക്യാമറയുടെ സ്ഥാനം. ക്യാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ സ്റ്റേഷനിലെ കൺട്രോൾ റൂമിൽ കാണാൻ സാധിക്കും. നായയുമായി നടക്കുന്ന സുരക്ഷ ഉദ്യോഗസ്ഥനും ദൃശ്യങ്ങൾ ക്യാമറയുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിൽ കാണാനാവും. സുരക്ഷ ഭീക്ഷണി ഉണ്ടായാൽ ഉടൻ തന്നെ നടപടി സ്വീകരിക്കാൻ ഇതിലൂടെ സാധിക്കും.