മോസ്കോ: ഇറാൻ ഖുദ്സ് ഫോഴ്സ് തലവൻ ഖാസിം അൽ സുലൈമാനിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുകയും അത് നടപ്പാക്കുകയും ചെയ്ത അമേരിക്കൻ ചാരതലവൻ മൈക്കൽ ഡി ആൻഡ്രിയ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ താലിബാൻ അധീനതയിലുള്ള പ്രദേശത്ത് തകർന്നുവീണ അമേരിക്കൻ വിമാനത്തിൽ മൈക്കൽ ഡി ആൻഡ്രിയ യാത്ര ചെയ്തിരുന്നെന്നും ഇദ്ദേഹം കൊല്ലപ്പെട്ടെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം സ്ഥിരീകരിച്ച് റഷ്യൻ ഇന്റലിജൻസ് രംഗത്തെത്തിയിട്ടുമുണ്ട്.
ഇറാൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഡി ആൻഡ്രിയയായിരുന്നു. കൂടാതെ അഫ്ഗാനിസ്ഥാനിൽ തകർന്ന വിമാനം അമേരിക്കയുടെ അത്യാധുനിക ചാര ശൃംഖലയും മൊബൈൽ കമാൻഡ് സെന്ററുമായിരുന്നു. അമേരിക്കയുടെ ആക്രമണ പദ്ധതികൾ കൃത്യമായി ശേഖരിച്ചുവച്ച വിമാനം കൂടിയാണിത്. ഈ വിവരങ്ങളെല്ലാം ഇപ്പോൾ താലിബാന്റെ കൈവശമാണെന്നാണ് കരുതുന്നത്. ആൻഡ്രിയയ്ക്കൊപ്പം നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുമുണ്ട്. ചാരസംഘടനയിൽ പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ ആൻഡ്രിയ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ആയത്തുള്ള മൈക്ക്, ഡാർക്ക് പ്രിൻസ്, അണ്ടർടേക്കർ എന്നിവയാണ് ആ പേരുകൾ.
പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വാസത്തിലെടുത്താൽ അമേരിക്കയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണിത്. പശ്ചിമേഷ്യയിൽ അമേരിക്ക ഇത്രയും നാൾ നെയ്തെടുത്ത ചാരശൃംഖല ആൻഡ്രിയയുടെ മരണത്തോടെ ദുർബലമാകും. 2017 മുതൽ അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്നവരെ വധിക്കുന്ന മിഷനെ നിയന്ത്രിക്കുന്നത് ആൻഡ്രിയയാണ്. ഇതിനായി പല ഇന്റലിജൻസ് വൃത്തങ്ങളെയും അദ്ദേഹം ഉപയോഗിച്ചിരുന്നു. ഇറാഖിലെ 300ഓളം പ്രതിഷേധക്കാരെ വധിച്ചതിലും ആൻഡ്രിയക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം താലിബാന്റ വാദങ്ങൾ പൂർണമായും വിശ്വാസ യോഗ്യമല്ല. യുഎസിന്റെ ഇന്റലിജൻസ് വിവരങ്ങൾ ചോർന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.
അതേസമയം, ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെയും സൂചന ലഭിച്ചിട്ടില്ല. താലിബാനാണെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ടെങ്കിലും അക്കാര്യം ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല. ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തുന്നത് പതിവാക്കിയിരുന്നു. വിമാനം തകർന്ന് വീണതിന് പിന്നിലും ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് ആണെന്ന തരത്തിലുള്ള അനുമാനം നിലനിൽക്കുന്നുണ്ട്. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് നേരിട്ട് പരിശീലനം നൽകുന്ന അഫ്ഗാൻ ഷിയ ഫാത്തിമൗൺ ബ്രിഗേഡ്സ് അഫ്ഗാനിൽ ഉള്ളതുകൊണ്ട് ഈ സാദ്ധ്യതയും ഒരിക്കലും തള്ളിക്കളയാനാവില്ല.