1. ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. പൗരത്വ നിയമത്തിന് എതിരെ വിമര്‍ശനമുള്ള 18-ാം ഖണ്ഡിക വായിക്കില്ലെന്ന നിലപാട് മാറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് 18-ാം ഖണഡിക വായിക്കുന്നു എന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ നിയമത്തെ വിമര്‍ശിക്കുന്നതിലുള്ള തന്റെ വിയോജിപ്പ് നില നില്‍ക്കുമെന്നും ഗവര്‍ണര്‍. ഗവര്‍ണര്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള ഭാഗം വായിച്ചപ്പോള്‍ ഭരണപക്ഷം ഡെസ്‌കില്‍ അടിച്ചു സ്വാഗതം ചെയ്തു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസ് രാജ് ഭവനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ വിയോജിപ്പോടെ വായിക്കാം എന്ന നിലപാടിലേക്കു ഗവര്‍ണര്‍ എത്തുക ആയിരുന്നു
2. നയപ്രഖ്യാപന പ്രസംഗത്തിന് നിയമ സഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുക ആയിരുന്നു. സഭയുടെ നടുത്തളത്തില്‍ ആണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്ക് എതിരെ ഗോ ബാക്ക് വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ആയി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു
3. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴി ഒരുക്കുക ആയിരുന്നു. പിന്നീടു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയുടെ പ്രധാന കവാടം യുഡിഎഫ് ഉപരോധിച്ചു. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്
4. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷവിമര്‍ശനവും ആയി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും മുഖ്യമന്ത്രിയും ഭായ് ഭായ് ആണെന്ന് തെളിഞ്ഞിരിക്കുന്നു. ആര്‍.എസ്.എസ് ഏജന്റാണ് ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നും ചെന്നിത്തല. കേരള നിയമസഭയേയും, കേരളത്തേയും അപമാനിച്ച ഗവര്‍ണറുമായി സര്‍ക്കാരും സ്പീക്കറും കൈകോര്‍ത്ത് ഇരിക്കുക ആണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും എന്നും ചെന്നിത്തല പറഞ്ഞു. ലാവലില്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായി, ഗവര്‍ണറെ ഒരു പാവയാക്കി ഉപയോഗിക്കുന്നു.
5. ലാവലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ല എന്നും പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായി എന്നും ചെന്നിത്തല പറഞ്ഞു. ചങ്ങല പിടിച്ചതെല്ലാം മുഖ്യമന്ത്രിയുടെ നാടകം ആണെന്ന് തെളിഞ്ഞു. ഗവര്‍ണറുടെ കാല്‍ പിടിക്കേണ്ട ഗതിക്കേട് മുഖ്യമന്ത്രിക്ക് ഉണ്ടായി. കേരളത്തെ അപമാനിച്ച് ഗവര്‍ണര്‍ക്ക് എതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി മൗനം പാലിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് പ്രമേയം മുഖ്യമന്ത്രി അംഗീകരിക്കണം. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ചവിട്ടിമെതിക്കുക ആയിരുന്നു സര്‍ക്കാരെന്നും ചെന്നിത്തല ആരോപിച്ചു.
6. നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് ഹര്‍ജിയാണ് തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി. രാഷ്ട്രപതി ഹര്‍ജി തള്ളിയത് എല്ലാ തീരുമാനങ്ങളും പരിശോധിച്ച ശേഷം. ജയിലില്‍ വച്ച് പീഡനം അനുഭവിച്ചതും ദയാഹര്‍ജി തള്ളിയതും ആയി ബന്ധമില്ല എന്നും സുപ്രീംകോടതി. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരമേയുള്ളൂ എന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കി ഇരുന്നു. ദയാഹര്‍ജി പരിഗണിച്ചതിലെ നടപടിക്രമങ്ങള്‍ മാത്രമേ പരിശോധിക്കു എന്നും കോടതി അറിയിച്ചിരുന്നു. അതിനിടെ കേസിലെ മറ്റൊരു പ്രതി അക്ഷയ്കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഫെബ്രുവരി 1ന് നാല് പ്രതികളെയും തൂക്കിലേറ്റാന്‍ ആണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ച് ഇരിക്കുന്നത്.
7. ന്യൂസീലന്‍ഡില്‍ ആദ്യ ട്വന്റി-20 പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നു ന്യൂസീലന്‍ഡിനെ നേരിടും. അഞ്ചു മത്സര പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനു ശേഷം നടന്ന അഞ്ചു ട്വന്റി 20 പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിനു പുറത്ത് നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം കൂടിയാണിത്. ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കാണ് ഇന്ന് മത്സരവേദി. ഇവിടെ കളിച്ച ഒന്‍പതില്‍ ഏഴു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസം കിവീസിനു കരുത്തേകിയേക്കും. മത്സരം ഉച്ചയ്ക്ക് 12.30ന് തുടങ്ങും.
8. മികച്ച ഫോമിലുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്താന്‍ ഇടയില്ല. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും തകര്‍പ്പന്‍ ഫോമില്‍ ആയതിനാല്‍ ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് ആശങ്കകളില്ല. ബുമ്ര, ഷമി, ഠാക്കൂര്‍ പേസ്ത്രയവും പഴുതില്ലാതെ പന്തെറിയുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും കളിച്ച ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചെഹലിനു പകരം കുല്‍ദീപ് യാദവിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. പരമ്പരയില്‍ ഇതുവരെ കളിക്കാന്‍ ഇറങ്ങാത്തവര്‍ ഇന്നലെ രവി ശാസ്ത്രിയുടെ നിരീക്ഷണത്തില്‍ പരിശീലനം നടത്തി. രോഹിത് ശര്‍മയാണ് ഇന്നത്തെ കളിയില്‍ ശ്രദ്ധാ കേന്ദ്രമാകുന്ന മറ്റൊരു താരം. ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിംഗില്‍ തിളങ്ങാതെ പോയ ഹിറ്റ്മാന്‍ ഇന്ന് ഫോമിലേക്ക് എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഓക്ലന്‍ഡില്‍ നടന്ന ഒന്നാം ട്വന്റി-20യില്‍ സാധ്യമാകുന്നത് എല്ലാം ചെയ്തിട്ടും മത്സരം കൈവിട്ടതിന്റെ ഞെട്ടല്‍ ന്യൂസീലന്‍ഡ് ക്യാംപില്‍ നിന്ന് ഇപ്പോഴും വിട്ടുപോയിട്ടില്ല. അതു കൊണ്ടുതന്നെ ജയത്തില്‍ കുറഞ്ഞത് ഒന്നും ന്യൂസിലന്‍ഡ് ക്യാംപ് പ്രതീക്ഷിക്കുന്നില്ല