badusha

കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർച്ചയായിട്ട് ഏറ്റവും കൂടുതൽ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച് തന്റെ കർമ്മ മണ്ഡലത്തിൽ ജൈത്ര യാത്ര തുടരുകയാണ് ബാദുഷ. ലോ ബഡ്ജറ്റ്, ബിഗ് ബജറ്റ് എന്നിങ്ങനെ വ്യത്യാസമില്ലാതെ വിവിധ തലങ്ങളിലുള്ള മലയാള സിനിമകൾ സംഭവിക്കുന്നതിന്റെ പിന്നിലുള്ള ശില്പികളിൽ പ്രധാനികളിൽ ഒരാളായ 'ബാദുഷ ' തന്റെ വിശേഷങ്ങൾ 'കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ്.

പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിനിമകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞുവല്ലേ?

സിനിമ ഫീൽഡിൽ വന്നിട്ട് 20 വർഷമായെങ്കിലും 2005 മുതലാണ് സജീവമായത്. വർഗം എന്ന സിനിമയിലൂടെയാണ് സ്വതന്ത്രമായി പ്രൊഡക്ഷൻ കൺട്രോളർ ആകുന്നത്. ഇത് വരെ ഏകദേശം നൂറിൽപ്പരം സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചു. വളരെ ചെറുപ്പം മുതൽ സിനിമ മനസ്സിലുണ്ടായിരുന്ന വ്യക്തിയാണ് ഞാൻ. ആലപ്പുഴ ചന്തിരൂരിൽ 'ചന്തിരൂർ സെലക്ട് ' എന്ന പേരിൽ എന്റെ വാപ്പക്ക് ഒരു സിനിമ തിയേറ്റർ ഉണ്ടായിരുന്നു. ഓർമ്മ വെച്ച കാലം മുതൽ അവിടെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അങ്ങിനെ സ്വാഭാവികമായും വളരെ ചെറുപ്പം മുതൽ എന്റെ മനസ്സിലും സിനിമ ചേക്കേറിയിരുന്നു. 2017ലും 2018 ലും 2019 ലും ഏറ്റവും കൂടുതൽ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചത് ഞാനാണ്. അതിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് കഴിഞ്ഞ വർഷമാണ്. റീലീസായ 27 സിനിമകൾ കഴിഞ്ഞ വർഷം ചെയ്യാൻ സാധിച്ചു. ഇതേ തുടർന്നാണ് 2020 ലെ രാമു കാര്യാട്ട് ചലച്ചിത്ര കർമ്മ ശ്രേഷ്ഠ പുരസ്‌കാരം എനിക്ക് ലഭിച്ചത്.

ബാദുഷ നായകനായ ഒരു സിനിമ അല്ലെങ്കിൽ ബാദുഷ ഡയറക്ട് ചെയ്ത ഒരു സിനിമ അത് സംഭവിക്കുമോ?

ഇത് രണ്ടും ഒരിക്കലും സംഭവിക്കില്ല. ഡയറക്ഷൻ എന്നത് ആർക്കും ചെയ്യാവുന്ന ഒരു കാര്യമല്ല. അത് കൊണ്ട് ഡയറക്ഷൻ എന്ന മേഖല ഒരിക്കലും ഞാൻ ഏറ്റെടുക്കില്ല; അത് പോലെയാണ് ഞാൻ നായകനാകുന്ന സിനിമയുടെ കാര്യവും.

പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ, സിനിമകൾക്ക് ബാദുഷ നൽകുന്ന സപ്പോർട്ട് എന്താണ് ?

ഞാൻ ഏറ്റെടുത്ത സിനിമകൾ എല്ലാം മെഗാ ഹിറ്റുകൾ ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ആവറേജ് വിജയം കൈവരിച്ചത്, ഹിറ്റായത്, സൂപ്പർ ഹിറ്റായത്, മെഗാ ഹിറ്റായത്, പരാജയപ്പെട്ടത് എന്നിങ്ങനെയാണ് സിനിമകൾ സംഭവിച്ചിട്ടുള്ളത്. പ്രേക്ഷകരാണ് സിനിമകളുടെ ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് എന്ന കാര്യം അറിയാമെങ്കിലും, ഏറ്റെടുക്കുന്ന സിനിമകൾ വിജയിപ്പിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന എല്ലാ പ്രവർത്തനങ്ങളും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും. ഏറ്റെടുത്ത സിനിമകൾ വിജയിച്ചു എന്നറിയുമ്പോഴാണ് ചെയ്ത ജോലിയിൽ വ്യക്തിപരമായി സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നത്. സിനിമകളുടെ ചിത്രീകരണം ഒന്ന് മുതൽ മൂന്ന് മാസങ്ങൾ ചിലപ്പോൾ അതിലും കൂടുതൽ മാസങ്ങൾ നീണ്ട് പോകും.

ഈ സാഹചര്യത്തിൽ കൂടുതൽ സിനിമകൾ മെയിന്റയിൻ ചെയ്യുന്നത് എങ്ങിനെയാണ്?

ഒരു സിനിമയുടെ തുടക്കം മുതൽ അത് തിയേറ്ററിൽ എത്തുന്നത് വരെയും കൂടെ നിൽക്കേണ്ടവരാണ് പ്രൊഡക്ഷൻ കൺട്രോളർ. എനിക്ക് ഇത്രയും സിനിമകളിൽ ഒരേ സമയം പ്രവർത്തിക്കാൻ കഴിയുന്നത് സർവ്വശക്തന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ്. കൂടാതെ എന്റെ നിർമ്മാതാക്കളുടെ സഹകരണം. ഒരു സിനിമയിൽ കമ്മിറ്റ് ചെയ്താൽ മറ്റ് സിനിമകളിൽ പ്രവർത്തിക്കാൻ അനുമതി തരേണ്ടത് പ്രധാനമായും നിർമ്മാതാക്കളാണ്. സംവിധായകർ, ആർട്ടിസ്റ്റുകൾ ഇവരുടെയെല്ലാം സഹകരണം കൊണ്ടാണ് എനിക്ക് ഒരേ സമയം ഇത്രയും സിനിമകൾ ചെയ്യാൻ കഴിയുന്നത്. സിനിമയുടെ നിർമ്മാതാക്കൾ, സംവിധായകർ, ആർട്ടിസ്റ്റുകൾ ഇവരിൽ ചിലരെങ്കിലും പ്രൊഡക്ഷൻ കൺട്രോളർമാർ എപ്പോഴും കൂടെ ഉണ്ടാവണമെന്ന് ശഠിക്കാറുണ്ട്. എന്നാൽ എനിക്ക് അത്തരത്തിലുള്ള ഒരു ബുദ്ധിമുട്ടും ആരുടെ ഭാഗത്ത് നിന്നും ഇത് വരെ ഉണ്ടായിട്ടില്ല. കാരണം; ഞാൻ കമ്മിറ്റ് ചെയ്യുന്ന സിനിമകളുടെ കൂടെ എപ്പോഴും ഞാൻ ഇല്ലെങ്കിലും, ഒരു കുറവും വരാത്ത വിധം എല്ലാ കാര്യങ്ങളിലും ഞാൻ ശ്രദ്ധ നൽകുന്നുണ്ട്. എന്റെ കൂടെ ഒരു വലിയ ടീം തന്നെയുണ്ട്, അവരെ ഒരിക്കലും എന്റെ അസിസ്റ്റൻസ് എന്ന് ഞാൻ വിളിക്കില്ല, അവർ എന്റെ സുഹൃത്തുക്കളാണ്. സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലോ, മറ്റ് സാങ്കേതികമായ പ്രവർത്തനങ്ങളിലോ ഞാൻ ഇല്ലാത്ത സമയങ്ങളിൽ ഒരു കുറവും വരുത്താതെ അവർ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്യുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഞാൻ എഴുന്നേൽക്കും, കൂടെ പ്രവർത്തിക്കുന്ന ഓരോരുത്തരെയും ഫോണിൽ വിളിച്ച് ഓരോ സിനിമകൾക്കും ചെയ്യേണ്ടുന്ന കാര്യങ്ങൾ സംബന്ധിച്ച്, അവരുമായി സംസാരിക്കും. കൂടെയുള്ള ഏവരും ഒരു ടീമായിട്ടാണ് മുന്നോട്ട് പോകുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ച സിനിമ ?

സിനിമയുടെ നിർമ്മാതാവ്, ഡയറക്ടർ, നായക വേഷം ചെയ്യുന്ന ആർട്ടിസ്റ്റ് ഇവരെപ്പോലെ ഏറ്റവും ടെൻഷൻ അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് പ്രൊഡക്ഷൻ കൺട്രോളർ. ഞാൻ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച ഒരുപാട് സിനിമകളിൽ ടെൻഷൻ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ വിവിധ സ്ഥലങ്ങളിലും നടന്ന നിരവധി സിനിമകളുടെ ഷൂട്ടിങ്ങുകളിലും ടെൻഷൻ അടിച്ച അനേകം സംഭവങ്ങൾ ഉണ്ട്. എന്നാൽ ഇതെല്ലാം ആസ്വദിച്ച് മുന്നോട്ട് പോവുക എന്നത് ഈ തൊഴിലിന്റെ ഭാഗവുമാണ്.

മലയാള സിനിമ വ്യവസായത്തിൽ വൻ ബഡ്ജറ്റ് സിനിമകൾ ആവശ്യമില്ല എന്ന അടൂർ ഗോപാലകൃഷ്‌ണന്റെ പ്രതികരണത്തെ എങ്ങനെ കാണുന്നു?

വർഷങ്ങൾക്ക് മുൻപുള്ള സിനിമകളും ഇപ്പോഴുള്ള സിനിമകളും താരതമ്യം ചെയ്യുമ്പോൾ സാങ്കേതികപരമായും മറ്റ് ഘടകങ്ങളിലും ഒരുപാട് മാറ്റങ്ങളോടെയാണ് ഇപ്പോഴുള്ള സിനിമകൾ സംഭവിക്കുന്നത്. ഈ മാറ്റങ്ങൾ, അത് മലയാള സിനിമകളിലും സംഭവിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ പോയി ജനങ്ങൾ ഹിന്ദി, ഇഗ്ലീഷ് സിനിമകൾ കാണുന്ന അതേ ഫീലിംഗ്‌സോടെയാണ്, മലയാളം സിനിമകളും ജനങ്ങൾ കാണുന്നത്. സിനിമ ആവശ്യപ്പെടുന്ന ബഡ്ജറ്റ് ഇല്ലാതെ, ശുഷ്‌ക്കിച്ച സിനിമ കാണാൻ ഇപ്പോഴത്തെ ജനറേഷന് തീരെ താല്പര്യം ഇല്ല. മലയാള സിനിമകളിലും സാങ്കേതികപരമായി എത്രമാത്രം മേന്മകൾ സജ്ജമാക്കാൻ സാധിക്കുന്നുവോ, അതെല്ലാം ഉൾപ്പെടുന്ന സിനിമകൾ കാണാനാണ് ഇപ്പോഴത്തെ പ്രേക്ഷകർക്ക് താല്പര്യം. വലിയ ബഡ്ജറ്റിലേക്ക് പോയാൽ മലയാള സിനിമ വ്യവസായത്തിൽ നിന്ന് റിട്ടേൺസ് കുറവായിരുന്ന ഒരു സമയം ഉണ്ടായിരുന്നു. പക്ഷെ; അതെല്ലാം മാറി. നല്ല സിനിമകളാണെങ്കിൽ ജനം തീർച്ചയായും തിയേറ്ററിൽ വന്ന് അത് കാണുന്നുണ്ട്. ബഡ്ജറ്റ് എത്ര കൂടിയാലും അതിൽ നിന്ന് തീർച്ചയായും റിട്ടേൺസ് കിട്ടുന്നുമുണ്ട്. നല്ല സിനിമകൾ എന്ന് പറയുമ്പോൾ, അത് കാണുന്ന പ്രേക്ഷകന് ബോറടിക്കാത്ത സിനിമകൾ ആയിരിക്കണം.

പുതിയ ആർട്ടിസ്റ്റുകൾക്ക് സീനിയർ ആർട്ടിസ്റ്റുകളോട് ബഹുമാനക്കുറവ് ഉണ്ടാകുന്നുണ്ടോ?

അത്തരത്തിലുള്ള അനുഭവം എനിക്ക് തോന്നിയിട്ടില്ല. ഞാൻ എല്ലാ വിഭാഗത്തിലുമുള്ള ജനറേഷനിലെ ആളുകളുമായി പ്രവർത്തിക്കുന്നുണ്ട്. മമ്മുക്ക, ലാലേട്ടൻ, ഇപ്പോഴുള്ള അർജുൻ അശോകൻ തുടങ്ങിയവർക്കൊപ്പവും ഞാൻ സിനിമകൾ ചെയ്യുന്നുണ്ട്. പുതിയ ആർട്ടിസ്റ്റുകൾക്ക് സീനിയറായവരോട് ബഹുമാനക്കുറവോ മറ്റുള്ള സംഭവങ്ങളോ ഉണ്ടെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടില്ല. മറ്റുള്ളവർക്ക് അങ്ങിനെ തോന്നിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല.

സിനിമ സെറ്റുകളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് ; എന്ന പ്രസ്താവനയോടുള്ള പ്രതികരണം ?

അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടാവാം. എന്നാൽ, അത്തരത്തിലുള്ള അനുഭവങ്ങൾ സിനിമ സെറ്റിൽ നിന്ന് എനിക്ക് ഉണ്ടായിട്ടില്ല.

'ന്യൂജൻ സിനിമ' എന്നൊരു തരംതിരിവ് മലയാളം സിനിമയിൽ ഉണ്ടോ ?

ന്യൂജൻ സിനിമകൾ എന്നൊരു തരം തിരിവ് ഇല്ല, എന്നാൽ ന്യൂ ജനറേഷൻ സിനിമകളുടെ കാലഘട്ടം കൂടിയാണിത്. ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷൻ ആയാലും നല്ല നല്ല സിനിമകൾ ആരാണോ നൽകുന്നത്, അതിനാണ് ഇവിടെ പ്രാധാന്യം. നല്ല സിനിമകൾ ആരു നൽകിയാലും അത് തിയേറ്ററിൽ വന്ന് കാണാൻ ജനം തയ്യാറാണ്.

മമ്മൂട്ടിയും മോഹൻലാലും സിനിമകളുടെ എണ്ണം കുറച്ച്, മികച്ച സിനിമകൾ മാത്രം ചെയ്യണം. എന്ന പ്രസ്ഥാവനകളോടുള്ള പ്രതികരണം?

അത്തരം പ്രസ്താവനകൾ കൊണ്ട് ഒരു കാര്യവും ഇല്ല. മലയാള സിനിമയുടെ അഹങ്കാരങ്ങൾ എന്ന് പറയാവുന്ന മഹാനടന്മാരാണ് മമ്മുക്കയും ലാലേട്ടനും. മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകൾ കാണാൻ ജനങ്ങൾ എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇവർ രണ്ട് പേരുടെയും എത്ര സിനിമകൾ വന്നാലും അത് കാണാൻ ജനങ്ങൾ കൂട്ടത്തോടെയാണ് എപ്പോഴും തിയേറ്ററുകളിലേക്ക് ഓടി എത്തുന്നതും. മോഹൻലാലും മമ്മൂട്ടിയും, ഞാൻ ഉൾപ്പടെയുള്ള ആളുകളെ സിനിമയുടെ ലോകത്തേക്ക് എത്തിച്ചത് ഈ രണ്ട് മഹത്‌വ്യക്തികൾ തന്നെയാണ്. മുൻപത്തേയും ഇപ്പോഴത്തെയും തലമുറകൾ ഇവർ രണ്ട് പേരെയും കണ്ടാണ് വളർന്നത്. മമ്മുക്കയേയും ലാലേട്ടനെയും ഏറെ നാളുകളായിട്ട് എനിക്ക് വ്യക്തിപരമായി അടുത്ത് അറിയാം. രണ്ട് പേരും വ്യത്യസ്തങ്ങളായ സ്വഭാവക്കാരുമാണ്.

സിനിമയിൽ എത്തപ്പെട്ടില്ലായിരുന്നു എങ്കിൽ ?

ഞാൻ ചിലപ്പോൾ ഒരു കച്ചവടക്കാരനായി മാറുമായിരുന്നു. പഠന സമയത്ത് തന്നെ പാൽ കച്ചവടം തുടങ്ങിയിരുന്നു. ചെറുപ്പത്തിൽ എന്റെ വാപ്പയുടെ റേഷൻ കട നോക്കി നടത്തിയിരുന്നു. കുറെ കഴിഞ്ഞ് പിന്നീട് വെളിച്ചെണ്ണയുടെ ഹോൾ സെയിൽ വ്യാപാരം നടത്തിയിട്ടുണ്ട്. ഇടക്ക് കുറച്ച് രാഷ്ട്രീയ പ്രവർത്തനവും നടത്തിയിട്ടുണ്ട്.

സിനിമയിൽ കടപ്പാട് ?

ഒരുപാട് ആളുകളോടുണ്ട്. പ്രൊഡ്യൂസർ ഹസീബ് ഹനീഫ്, വിന്ധ്യൻ, ആന്റോ ജോസഫ്, ആൽവിൻ ആന്റണി, ഡയറക്ടർമാരായ പ്രോമോദ് പപ്പൻ. സിനിമ

ജീവിതത്തിൽ ഒരു ടേണിങ്ങ് നൽകി എനിക്ക് ഏറ്റവും കൂടുതൽ സഹായം നൽകിയിട്ടുള്ളത് മമ്മുക്കയും കലാഭവൻ മണിച്ചേട്ടനുമാണ്.

സിനിമ നിർമ്മാണം ?

സിനിമകൾ നിർമ്മിക്കുന്നതിന് വേണ്ടി 'ബാദുഷ സിനിമാസ് ' എന്ന ഒരു കമ്പനി ആരംഭിച്ചു. എന്റെ ഒരു സുഹൃത്ത് ഷിനോയിയുമായി ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഫഹദ് ഫാസിലാണ് ഹീറോ. മെയ്, ജൂൺ മാസത്തിൽ ഷൂട്ട് ആരംഭിക്കാനാണ് തീരുമാനം. പ്രശസ്തരായ ഡയറക്ടർമാരുടെ കൂടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച സജി മോനാണ് ഇതിന്റെ ഡയറക്ടർ.

സർക്കാരും മലയാള സിനിമ വ്യവസായവും ?

സിനിമ വ്യവസായത്തിന്റെ ഉന്നമനത്തിന് വേണ്ടി സർക്കാർ കുറേ കാര്യങ്ങൾ ചെയ്യുന്നുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ഇടപെടലുകൾ ഉണ്ടായാൽ സിനിമ വ്യവസായത്തെ കൂടുതൽ പരിപോഷിപ്പിക്കാൻ സാധിക്കും. സർക്കാരിന് ഏറ്റവും വരുമാനം നൽകുന്ന വ്യവസായങ്ങളിൽ ഒന്നാണ് സിനിമ വ്യവസായം. ഈ വ്യവസായത്തെ കൂടുതൽ ഡെവലപ്പ് ചെയ്യാൻ സർക്കാരിന് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കും. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഇ ടിക്കറ്റ് സംവിധാനത്തെ സ്വാഗതം ചെയ്യുന്നു. ഇ ടിക്കറ്റ് എല്ലായിടത്തും ആയിക്കഴിഞ്ഞാൽ വലിയ സക്‌സസായി മാറും.