pravasi

ജീവിതകാലം മുഴുവൻ ഗൾഫിൽ ജോലിയെടുത്ത് ഒടുവിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസിക‍ൾക്ക് കരുതലായി പുത്തൻ പദ്ധതികളുമായി സംസ്ഥാന സർക്കാർ. പുതിയ നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപകനും പങ്കാളിക്കും മക്കൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാർ. ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ പ്രവാസികൾക്ക് സുസ്ഥിരമായൊരു ഭാവിയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള പ്രവാസി ക്ഷേമ ബോർഡിൽ ഇപ്പോൾ നിക്ഷേപിച്ചാൽ കേരളത്തിലെ പ്രവാസികൾക്ക് ആയുഷ്ക്കാലം മുഴുവനും പത്ത് ശതമാനം ആദായം നേടാനാവും. കേരള സർക്കാരും,​ പ്രവാസി ക്ഷേമ ബോർഡും ചേർന്നാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്.

മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് നിക്ഷേപ തുകയുടെ പരിധി. മൂന്ന് വർഷത്തിനു ശേഷം പ്രതിമാസം 5,​500 രൂപ വീതം നിക്ഷേപകന്റെ ജീവിതാവസാനം വരെ ലഭിക്കും. നിക്ഷേപകന്റെ മരണശേഷം ജീവിത പങ്കാളിക്ക് മരണം വരെ ഡിവിഡൻസും നൽകും. പങ്കാളിയുടെ മരണശേഷം മക്കൾക്കോ,​ അവകാശികൾക്കോ നിക്ഷേപസംഖ്യയും മൂന്ന് വർഷത്തെ ഡിവിഡൻസും കൂടി തിരികെ കിട്ടും. നിക്ഷേപ തുകയ്ക്കൊപ്പം സർക്കാർ വിഹിതവും ചേർത്താണ് നിക്ഷേ​പകർക്ക് പത്ത് ശതമാനം ഡിവിഡൻസ് നൽകുന്നത്.

എല്ലാ പ്രവാസി കേരളീയർക്കും പദ്ധതിയിൽ ചേരാനാവും. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നവർക്കും,​ കുറഞ്ഞത് രണ്ടുവർഷം ജോലിചെയ്ത് തിരികെ വന്നവർക്കും പദ്ധതിയിൽ നിക്ഷേപകരാകാം. മറ്റ് സംസ്ഥാനങ്ങളിലും,​ കേന്ദ്രഭരണ പ്രദേശങ്ങളിലും ജോലിചെയ്യുന്നവർക്കും നിക്ഷേപം നടത്താം. എന്നാൽ ഒരിക്കൽ നിക്ഷേപിച്ചാൽ പിന്നെ തുക പിൻവലിക്കാനാവില്ല.

നിക്ഷേ​പത്തലൂടെ ലഭിക്കുന്ന തുക കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇതിനായി കേരള പ്രവാസി ക്ഷേമ ബോർഡ് പണം കിഫ്ബിക്ക് കൈമാറും.