european-parliament

ലണ്ടൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യൻ പാർലമെന്റ് ചർച്ച നടത്തി. ഇന്നലെ ആരംഭിച്ച ചർച്ച ഇന്നും നീണ്ടുനിൽക്കും. യൂറോപ്യൻ പാർലമെന്റിലെ 751 എം.പിമാരിൽ 560 പേരാണ് ചർച്ച ആവശ്യപ്പെട്ടത്. പ്രമേയത്തിൽ ഇന്ന് ഉച്ചയോടെ വോട്ടെടുപ്പ് നടന്നേക്കും.

അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ പൗരത്വ നിയമഭേദഗതി നിയമത്തിൽ നിന്ന് പിന്തിരിയണമെന്നും നിയമം റദ്ദാക്കണമെന്നും മോദി സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സമാധാനം നിലനിറുത്താനും മുസ്ലിങ്ങൾക്കെതിരെ വിവേചനവും അസഹിഷ്ണുതയും ഉണ്ടാക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ വിട്ടു നിൽക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പാർലമെന്റിലെ യൂറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ് / നോർഡിക് ഗ്രീൻ ലെഫ്റ്റ്,​ ദ റെന്യൂ ഗ്രൂപ്പ്,​ ദ യൂറോപ്യൻ പീപ്പിൾസ് പാർട്ടി,​ പ്രോഗ്രസീവ് അലയൻസ് ഒഫ് സോഷ്യലിസ്റ്റ് ആൻഡ് ഡെമോക്രാറ്റിക് ഗ്രൂപ്പ്,​ ദ ഗ്രീൻസ് / യൂറോപ്യൻ ഫ്രീ അലയൻസ് എന്നീ കക്ഷികളിലെ അംഗങ്ങൾ കഴിഞ്ഞയാഴ്ചയാണ് പ്രമേയം കൊണ്ടുവന്നത്‌.

ദേശീയ പൗരത്വ പട്ടികയെ കുറിച്ചുള്ള ആശങ്കയും പ്രമേയത്തിലുണ്ട്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള എൻ.ആർ.സി ലക്ഷക്കണക്കിനാളുകളുടെ പൗരത്വം നഷ്ടപ്പെടുത്താമെന്നും പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലാകെയും പ്രത്യേകിച്ച് കാമ്പസുകളിലും ഉണ്ടായ സമരങ്ങൾ സർക്കാർ മനുഷ്യത്വരഹിതമായാണ് അടിച്ചമർത്താൻ ശ്രമിച്ചതെന്നും പ്രമേയത്തിലുണ്ട്. ഇന്റർനെറ്റ് സേവനങ്ങളടക്കം നിറുത്തിവച്ചത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രമേയം വിമർശിക്കുന്നു.

പ്രമേയം യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ കമ്മിഷൻ എന്നിവയുടെ തീരുമാനങ്ങളെ ബാധിക്കില്ലെങ്കിലും ഇന്തോ-യൂറോപ്യൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ചിൽ ബ്രസൽസ് സന്ദർശിക്കാനിരിക്കെ ഇത്തരത്തിലൊരു പ്രമേയം പ്രതികൂലമായേക്കാമെന്ന് സൂചനയുണ്ട്.