watsapp-chat

കൊല്ലം: വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ചങ്ങാതിമാർ വനിതാ ബ്യൂട്ടി പാർലറിൽ സ്‌നേഹം പങ്കിട്ടു, നാട്ടുകാർ പൊക്കി. കൊട്ടാരക്കര പുലമണിലെ ബ്യൂട്ടി പാർലറിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കൊട്ടാരക്കര പട്ടണത്തിൽ സ്ഥാപനം നടത്തുന്ന യുവ ഡോക്ടറാണ് സുഹൃത്തായ ബ്യൂട്ടീഷ്യന്റെ അടുത്തെത്തിയതും പിന്നീട് നാറ്റക്കേസായതും. റിപ്പബ്ളിക് ദിന റാലിയിൽ ഗ്രൂപ്പായിട്ട് ഇവർ പങ്കെടുത്തിരുന്നു. സൗഹൃദത്തിന്റെ ആഴം കൂടിയത് അന്നാണ്. തൊട്ടടുത്ത ദിവസം വൈകിട്ട് 4 ഓടെ ഡോക്ടർ ബ്യൂട്ടി പാർലറിലെത്തി. വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ ഏഴോടെ ബ്യൂട്ടി പാർലറിന് ഷട്ടർ വീണു. സ്ത്രീകൾ മാത്രമെത്താറുള്ള പാർലറിൽ യുവ ഡോക്ടർ പോകുന്നത് സമീപത്തുള്ളവർ ശ്രദ്ധിച്ചിരുന്നു. പാർലറിന് അകത്ത് നിന്ന് ഷട്ടറിടുന്നത് കണ്ട് നാട്ടുകാരെത്തി ഷട്ടറിന് തട്ടുകയായിരുന്നു. നിമിഷ നേരംകൊണ്ട് ആളുകളും കൂടി. ഡോക്ടർ ഉടൻ ഫോണിൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ വിളിച്ച് കാര്യം അറിയിച്ചു. ഇദ്ദേഹമെത്തി പ്രശ്നക്കാരുമായി ചില്ലറ ഒത്തുതീർപ്പ് ചർച്ച നടത്തി ഡോക്ടറെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയെങ്കിലും അപ്പോഴേക്കും പ്രശ്നങ്ങൾ ഒതുങ്ങി. ഇപ്പോൾ വാട്സ് ആപ്പ് ഗ്രൂപ്പിലും ഇത് സജീവ ചർച്ചയാണ്. ബ്യൂട്ടീഷ്യന്റെ റിപ്പബ്ളിക് ദിന റാലിയിൽ പങ്കെടുക്കുന്നതിന്റെയും അല്ലാത്തതിന്റെയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.