spitzer

വാഷിംഗ്ടൺ: ശൂന്യാകാശത്തിന്റെ അപാരതയിൽ മരിക്കുന്ന നക്ഷത്രങ്ങൾ വമിക്കുന്ന വാതകങ്ങളും ധൂളിയും നിറഞ്ഞ മേഘപടലങ്ങളിൽ പുതിയ നക്ഷത്രങ്ങളുടെ തിരുപ്പിറവിക്ക് സാക്ഷിയായ നാസയുടെ ബഹിരാകാശ ദൂരദർശിനി സ്‌പിറ്റ്‌സർ ഇന്ന് കണ്ണടയ്‌ക്കും.

2003ൽ വിക്ഷേപിച്ച സ്പിറ്റ്‌സർ നീണ്ട 16 വർഷങ്ങളായി നക്ഷത്രങ്ങളുടെ നഴ്‌സറികളായ നെബുല എന്ന മേഘപടലങ്ങൾ നിരന്തരം നിരീക്ഷിക്കുകയായിരുന്നു. സ്പിറ്റ്സറിന്റെ ആദ്യ ലക്ഷ്യങ്ങളിൽ ഒന്ന് തരൻതുല എന്ന നെബുലയായിരുന്നു. ഈ നെബുലയിൽ സൂര്യന്റെ അൻപത് മടങ്ങ് വലിപ്പമുള്ള 40ലധികം കൂറ്റൻ നക്ഷത്രങ്ങളെ സ്പിറ്റ്സർ കണ്ടെത്തിയിരുന്നു.

ഭൂമിയിൽ നിന്ന് കൂടുതൽ അകലത്തിലേക്ക് സ്പിറ്റ്‌സർ നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് നാസ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇക്കാര്യം ജനുവരി 22ന് തന്നെ നാസ അറിയിച്ചിരുന്നു. ഇന്നലെയാണ് സ്പിറ്റ്‌സറിൽ നിന്നുള്ള വിവരങ്ങൾ അവസാനമായി നാസ സ്വീകരിച്ചത്.വർഷത്തെ സേവനത്തിന് ശേഷമാണ് വിടപറയുന്നത്. സൂര്യനെ വലംവയ്ക്കുന്ന സ്പിറ്റ്‌സറിന്റെ ഭ്രമണപഥം ഭൂമിയിൽ നിന്ന് ഓരോ തവണയും കൂടുതൽ അകലുന്ന ക്രമത്തിലാണുള്ളത്. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 25 കോടി കിലോമീറ്റർ ദൂരത്താണ് സ്പിറ്റ്‌സർ കറങ്ങുന്നത്. ഈ ദൂരക്കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സ്പിറ്റ്‌സറിന്റെ സൗരോർജ്ജ പാനലുകൾ സൂര്യന് അഭിമുഖമായി നിർത്തുന്നതിനും വെല്ലുവിളിയാണ്.

2019 തുടക്കത്തിൽ തന്നെ സ്പിറ്റ്‌സറിന്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് നാസ പദ്ധതിയിട്ടിരുന്നത്. ജെയിംസ് വെബ്ബ് സ്‌പേസ് ടെലസ്‌കോപ് 2018ൽ വിക്ഷേപിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാൽ ജെയിംസ് വെബ് 2021ൽ മാത്രമേ വിക്ഷേപിക്കുന്നുള്ളൂ എന്ന് തീരുമാനിച്ചതോടെ സ്പിറ്റ്‌സറിന്റെ പ്രവർത്തനം 2020വരെ നീട്ടുകയായിരുന്നു. വിക്ഷേപിക്കുമ്പോൾ രണ്ടര വർഷത്തെ ആയുസാണ് സ്പിറ്റ്‌സറിന് കണക്കാക്കിയിരുന്നത്. അതിന്റെ ആറിരട്ടിയിലേറെ കാലം വിജയകരമായി പ്രവർത്തിച്ച ശേഷമാണ് സ്പിറ്റ്‌സർ വിട പറയുന്നത്. ഏകദേശം 9,289 കോടി രൂപയാണ് സ്പിറ്റ്‌സറിനായി ചെലവായത്.