അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായവരിൽ ഇരട്ട വിരൽ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി. സർക്കാർ സമർപ്പിച്ച 'വിചിത്ര' ഹർജിയിന്മേലാണ് കോടതിയുടെ ഈ നിർദ്ദേശം ഉയർന്നത്. ഏകദേശം 25 വർഷങ്ങൾക്ക് മുൻപ് വെറുതെ വിട്ട ബലാത്സംഗ കേസ് പ്രതിയെ വീണ്ടും ശിക്ഷിച്ച കേസിനിടെയാണ് ജസ്റ്റിസ് ജെ.ബി.പർഥിവാല, ബി.ഡി.കരിയ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമർശം. പീഡനത്തിനിരയായ പെൺകുട്ടികളെ രണ്ടു വിരൽ ഉള്ളിൽ കടത്തി ലൈംഗികാവയവത്തിലെ പേശികൾ പരിശോധിക്കുന്ന രീതിയാണിത്. ഉടൻ തന്നെ ഈ പരിശോധനാ രീതി നിറുത്താനാണ് കോടതിയുടെ തീരുമാനം. ഇരയുടെ സ്വകാര്യത, ശാരീരിക, മാനസിക അവസ്ഥകൾ, മാന്യത എന്നിവയുടെ ധ്വംസനമാണ് ഇതെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതികളും ഡോക്‌ടർമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അപരിഷ്കൃതവും കാലഹരണപ്പെട്ടതുമായ' രീതിയിൽ നിന്നു കോടതികളും ഡോക്‌ടർമാരും പിൻവാങ്ങണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.