prashanth-kishore-

പട്ന∙ രാഷ്ട്രീയ തന്ത്രജ്ഞനും ജെ.ഡി.യു ഉപാദ്ധ്യക്ഷനുമായ പ്രശാന്ത് കിഷോർ, ജനറൽ സെക്രട്ടറി പവൻ വർമ എന്നിവരെ പാർട്ടിയിൽനിന്നു പുറത്താക്കി. ജെ.ഡി.യു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടർന്നാണ് നടപടി. പാർട്ടി അച്ചടക്കം പാലിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരുടെയും സമീപകാല പെരുമാറ്റത്തിലൂടെ വ്യക്തമായതിനു പിന്നാലെയാണ് പുറത്താക്കാൻ തീരുമാനിച്ചതെന്നു മുഖ്യ ജനറൽ സെക്രട്ടറി കെ.സി. ത്യാഗി വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രശാന്ത് കിഷോർ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചെന്നും പാർട്ടി അറിയിച്ചു.

പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ റജിസ്റ്റർ എന്നിവയുടെ കാര്യത്തിൽ പ്രശാന്ത് കിഷോർ നിതീഷ് കുമാറിനെതിരെ രംഗത്തു വന്നിരുന്നു. പ്രശാന്ത് കിഷോർ ജെ.ഡി.യുവിൽ തുടർന്നാലും പുറത്തുപോയാലും പ്രശ്നമില്ലെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് പ്രശാന്തിന് അംഗത്വം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടുള്ള പാർട്ടിയിൽ ചേരാൻ സ്വാതന്ത്രമുണ്ടെന്ന് പവൻ വർമയ്ക്കും നിതീഷ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നു ജെ.ഡി.യു പ്രഖ്യാപിച്ചതിനാണ് പവൻ നിതീഷിനെതിരെ തിരിഞ്ഞത്.

Thank you @NitishKumar. My best wishes to you to retain the chair of Chief Minister of Bihar. God bless you.🙏🏼

— Prashant Kishor (@PrashantKishor) January 29, 2020

അതേസമയം, പുറത്താക്കിയതിനു പിന്നാലെ നിതീഷ് കുമാറിന് നന്ദി അറിയിച്ച് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ‘നന്ദി നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രിയുടെ കസേര നിലനിർത്താൻ താങ്കൾക്ക് എന്റെ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.’ – പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു.