പത്തനംതിട്ട: ശിവഗിരി മഠത്തിൽ നിന്നെത്തിയ സ്വാമിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ട് പ്രായാധിക്യത്തിന്റെ അവശതയിലും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ആഹ്ളാദത്തോടെ ചിരിച്ചു. കൈകൂപ്പി നമസ്കാരം പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ, ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, രജിസ്ട്രാർ ടി.വി രാജേന്ദ്രൻ, മുൻ രജിസ്ട്രാറും ഉപദേശക സമിതി കൺവീനറുമായ ബി.ടി. ശശിധരൻ, പി.ആർ.ഒ ഇം.എം സോമനാഥൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അനിൽ തടത്തിൽ എന്നിവർ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെത്തിയത്. നൂറ്റിരണ്ടുകാരനായ വലിയമെത്രാപ്പോലീത്ത ഏറെനാളായി ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം ഭാഗത്തേക്കുള്ള മിക്ക യാത്രകളിലും താൻ ശിവഗിരിമഠം സന്ദർശിച്ചിരുന്നതിന്റെ ഒാർമ്മകൾ അദ്ദേഹം സ്വാമിമാരുമായി പങ്കുവച്ചു. 2012 നവംബർ 24ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ശിവഗിരി മഠത്തിലെത്തിയപ്പോൾ താനായിരുന്നു മുഖ്യാതിഥിയെന്നും മഠത്തിന് പുറത്തുനിന്ന് എത്തിയ ഒരേ ഒരാൾ താൻ മാത്രമായിരുന്നെന്നും അദ്ദേഹം ഒാർമ്മിച്ചെടുത്തു. പത്തുമിനിട്ടോളം സംഭാഷണം നീണ്ടു. ഷാൾ നൽകി ആദരം അറിയിച്ച ശേഷമാണ് സംഘം മടങ്ങിയത്.