jdu

പാട്ന: ജെ.ഡി.യു ഉപാദ്ധ്യക്ഷനും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ, ജനറൽ സെക്രട്ടറി പവൻ വർമ എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കി. ജെ.ഡി.യു അദ്ധ്യക്ഷനും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള ഭിന്നതകളെ തുടർന്നാണ് നടപടി. പാർട്ടി അച്ചടക്കം പാലിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരുടെയും സമീപകാല പെരുമാറ്റത്തിലൂടെ വ്യക്തമായതിനു പിന്നാലെയാണ് പുറത്താക്കാൻ തീരുമാനിച്ചതെന്നു മുഖ്യ ജനറൽ സെക്രട്ടറി കെ.സി.ത്യാഗി വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രശാന്ത് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചെന്നും പാർട്ടി അറിയിച്ചു. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നീ വിഷയങ്ങളിൽ പ്രശാന്ത് നിതീഷ് കുമാറിനെതിരെ രംഗത്തു വന്നിരുന്നു. പ്രശാന്ത് ജെ.ഡി.യുവിൽ തുടർന്നാലും പുറത്തുപോയാലും പ്രശ്നമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് പ്രശാന്തിന് അംഗത്വം നൽകിയതെന്നും നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ജെ.ഡി.യു പ്രഖ്യാപിച്ചതിനെ തുടർന്നാണ് പവൻ നിതീഷിനെതിരെ തിരിഞ്ഞത്.

‘നന്ദി നിതീഷ് കുമാർ, ബീഹാർ മുഖ്യമന്ത്രിയുടെ കസേര നിലനിറുത്താൻ താങ്കൾക്ക് എന്റെ ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ.’

പ്രശാന്ത് കിഷോർ