
ദുബായ്: യു.എ.ഇയിൽ ആദ്യ കൊറോണ വൈറസ് രോഗബാധ സർക്കാർ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ നില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയിൽ ഇതുവരെ 132 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. വൈറസ് പടർന്നുപിടിക്കുന്നതിനാൽ ലോക രാജ്യങ്ങൾ ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കി.
ലാബിൽ കൊറോണ വളർത്തി
ആസ്ട്രേലിയൻ ശാസ്ത്രജ്ഞർ
സിഡ്‍നി: കൊറോണ രോഗത്തെ നേരിടാനുള്ള ഗവേഷണങ്ങളുടെ ഭാഗമായി ആസ്‌ട്രേലിയൻ ശാസ്‌ത്രജ്ഞർ ഈ വൈറസിനെ ലാബിൽ വളർത്തിയെടുത്തു. ആദ്യമായാണ് ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസിനെ വികസിപ്പിക്കുന്നത്.
രോഗിയിൽ നിന്നുള്ള സാംപിൾ ഉപയോഗിച്ചാണ് വിക്ടോറിയയിലെ പകർച്ചവ്യാധി ഗവേഷണ ലബോറട്ടറിയിൽ വൈറസിനെ വികസിപ്പിച്ചത്. ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം ലോകാരോഗ്യ സംഘടനയുമായി പങ്കുവയ്ക്കും.
ഇത് ആഗോളതലത്തിൽ കൊറോണയ്ക്കെതിരായ വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾക്ക് ശക്തി പകരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹോങ്കോംഗിലും കൊറോണ വൈറസിനെ വളർത്താനുള്ള ശ്രമം ഫലം കണ്ടതായി റിപ്പോർട്ടുണ്ട്. റഷ്യയും ചൈനയും കൊറോണ വൈറസിന് വാക്സിൻ കണ്ടെത്താൻ യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ - ചൈനീസ് ശാസ്ത്രജ്ഞർ വാക്സിൻ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങിയതായി ഗ്വാങ്ഷുവിലെ റഷ്യൻ കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.