modi

ബംഗളുരു: പൗരത്വ നിയമഭേദഗതിയെ വിമർശിച്ചുകൊണ്ട് അവതരിക്കപ്പെട്ട നാടകം സംബന്ധിച്ച് സ്‌കൂളിനെതിരെയും ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവിനെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ്. വടക്കൻ കർണാടകത്തിലെ ബിദാറിലുള്ള ഷഹീൻ സ്‌കൂളിലാണ് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം ഉൾകൊള്ളുന്ന നാടകം അവതരിക്കപ്പെട്ടത്.

നാടകത്തിൽ സ്‌കൂളിലെ വിദ്യാർത്ഥിയായ ആറാം ക്ലാസുകാരി അവതരിപ്പിച്ച ഒരു കഥാപാത്രം പറയുന്ന സംഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ട് സാമൂഹികപ്രവർത്തകനായ നീലേഷ് രക്ഷയാൽ ആണ് കർണാടക പൊലീസിന് പരാതി നൽകിയത്.

'ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയും കൊണ്ടുവന്ന' പ്രധാനമന്ത്രിയെ അപമാനിക്കുന്ന വാക്കുകൾ ഉൾകൊള്ളുന്ന നാടകം അവതരിപ്പിക്കാൻ സ്‌കൂൾ അനുമതി നൽകിയെന്നും അതിനായി സ്‌കൂൾ അധികൃതർ കുട്ടികളെ ഉപയോഗപ്പെടുത്തിയെന്നുമാണ് നീലേഷ് തന്റെ പരാതിയുടെ ആരോപ്പിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124(എ), 153(എ) എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ജനുവരി 21ന് അവതരിപ്പിക്കപ്പെട്ട നാടകത്തിലൂടെ സ്‌കൂൾ അധികൃതർ രാജ്യത്തെ മുസ്ലീങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിച്ചുവെന്നും നിയമം നിലവിൽ വന്നാൽ അവർക്ക് രാജ്യം വിടേണ്ടി വരുമെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും നീലേഷ് തന്റെ പരാതിയിൽ പറയുന്നുണ്ട്. നാടകത്തിന്റെ വീഡിയോ ദൃശ്യം സമീപ പ്രദേശത്ത് താമസിക്കുന്ന ഒരാൾ തന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തുവെന്നും ഇയാൾ പറയുന്നു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.