തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി ജനങ്ങൾക്ക് മുൻപിൽ ജനജാഗ്രതാ സദസ് നടത്താൻ തുനിഞ്ഞ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. ഇത്തവണയും കടകൾ അടച്ചിട്ട് പ്രതിഷേധത്തെയാണ് ബി.ജെ.പിക്ക് നേരിടേണ്ടി വന്നത്. തിരുവനന്തപുരത്ത് പോത്തൻകോട്, കല്ലറ, പേട്ട എന്നീ ഭാഗങ്ങളിലാണ് പൗരത്വ നിയമഭേദഗതി സംബന്ധിച്ച് വിശദീകരണ യോഗങ്ങൾ ബി.ജെ.പി സംഘടിപ്പിച്ചത്.
യോഗത്തിലെ മുഖ്യ പ്രഭാഷകനായി പാർട്ടി നിശ്ചയിച്ചത് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി അബ്‌ദുള്ളക്കുട്ടിയെയാണ്. എന്നാൽ യോഗത്തിനെത്തി അബ്‌ദുള്ളക്കുട്ടി തന്റെ പ്രഭാഷണം ആരംഭിക്കും മുൻപുതന്നെ പോത്തൻകോട് ജംഗ്ഷനിലെ 90 ശതമാനം കടക്കും ഷട്ടർ വീഴുകയായിരുന്നു. കല്ലറയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇവിടെയും പാർട്ടിയുടെ ജനജാഗ്രതാ സദസ് തുടങ്ങും മുൻപുതന്നെ കടകളെല്ലാം അടയുകയായിരുന്നു. പേട്ടയിലും സ്ഥിതി സമാനമായിരുന്നു. ബി.ജെ.പി നേതാവ് വി.ടി രമയാണ് പേട്ടയിലെ യോഗം ഉത്‌ഘാടനം ചെയ്തത്.
മുൻപും സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ പൗരത്വ നിയമഭേദഗതി വിശദീകരിക്കാനായി യോഗങ്ങൾ നടത്തിയ ബി.ജെ.പിക്ക് ജനങ്ങളിൽ നിന്നും വ്യാപാരികളിൽ നിന്നും ബഹിഷ്കരണം നേരിടേണ്ടതായി വന്നിരുന്നു. ഇതുമൂലം പലയിടത്തും വിശദീകരണ യോഗങ്ങൾ ചടങ്ങ് മാത്രമായി മാറുകയായിരുന്നു. ബഹിഷ്കരണത്തെ ചെറുക്കാനായി ഭാരതീയ വ്യാപാരി വ്യവസായ സംഘം എന്ന പേരിൽ മറ്റൊരു വ്യാപാരി സംഘടനയും ബി.ജെ.പി രൂപീകരിക്കുകയുണ്ടായി.