apple-logo

ന്യൂഡൽഹി: ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഇന്ത്യയിൽ ഇക്കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർപാദ വില്‌പനയിൽ ഇരട്ടയക്ക വള‌ർച്ച നേടിയെന്ന് സി.ഇ.ഒ ടിം കുക്ക് വ്യക്തമാക്കി. അമേരിക്ക, ബ്രിട്ടൻ, ചൈന, ടർക്കി, സിംഗപ്പൂർ, ഫ്രാൻസ്, ബ്രസീൽ, തായ്‌ലൻഡ് എന്നിവിടങ്ങളിലും ഇരട്ടയക്ക വളർച്ച വില്‌പനയിലുണ്ടായി. എന്നാൽ, കൃത്യമായ വളർച്ചാനിരക്ക് അദ്ദേഹം വ്യക്തമാക്കിയില്ല.

കഴിഞ്ഞപാദത്തിൽ കമ്പനി ഒമ്പത് ശതമാനം വളർച്ചയോടെ 9,180 കോടി ഡോളറിന്റെ റെക്കാഡ് വരുമാനം ആഗോളതലത്തിൽ നേടി. 2,200 കോടി ഡോളറാണ് ലാഭം. ഇതും സർവകാല റെക്കാഡാണ്. മൊത്തം വരുമാനത്തിൽ 5,600 കോടി ഡോളറും ഐഫോൺ വില്‌പനയിൽ നിന്നാണ്. പുത്തൻ മോഡലുകളായ ഐഫോൺ 11, ഐഫോൺ 11 പ്രൊ, ഐഫോൺ 11 പ്രൊ മാക്‌സ് എന്നിവയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യത കമ്പനിക്ക് നേട്ടമായി.

ഇന്ത്യ, മെക്‌സിക്കോ, പോളണ്ട്, ടർക്കി, മലേഷ്യ, തായ്‌ലൻഡ്, ഫിലിപ്പൈൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ ഐപാഡും മികച്ച വില്‌പന നേടി. ആപ്പിൾ കമ്പ്യൂട്ടറുകളായ മാക്‌സ് 760 കോടി ഡോളറും ഐപാഡുകൾ 600 കോടി ഡോളറും വരുമാനം കുറിച്ചു. ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ച്, ആപ്പിൾ ചെന്നൈയിലും ബംഗളൂരുവിലും നിർമ്മാണ പ്ളാന്റുകൾ തുറന്നിരുന്നു.