കൊച്ചി : യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ എം.എ വിദ്യാർത്ഥി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേരള സർവകലാശാല പരീക്ഷയുടെ ഏഴു സെറ്റ് അഡിഷണൽ ഷീറ്റുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ പേരിലുള്ള സീലുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവ ഉപയോഗിച്ച് പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് സമയം ചോദിച്ചത്. ഉത്തരക്കടലാസുകളും സീലും കണ്ടെടുത്ത സംഭവത്തിൽ പരാതി നൽകാൻ കേരള സർവകലാശാലയോടു നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ കോരാണി സ്വദേശി എ.എസ്. മുസമിൽ നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കെ. പ്രദീപാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രണ്ടു കേസെടുത്തിരുന്നു. രണ്ടു കേസും ക്രൈംബ്രാഞ്ചിന് വിട്ടു. യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരുടെയും സർവകലാശാല ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ എം.എ രജിസ്ട്രേഷൻ സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീൽ പിടിച്ചെടുത്തെങ്കിലും ഇതല്ല നിലവിലുള്ളതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഉത്തരക്കടലാസും സീലും ശിവരഞ്ജിത്തിന്റെ കൈയക്ഷരത്തിന്റെ സാമ്പിളും ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു