 
കൊല്ലം: കേരളത്തിലാദ്യമായി നടക്കുന്ന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷയോടെ കേരള ടീം. ഇന്നലെ രാവിലെ ബംഗളൂരുവിൽ നിന്ന് പരിശീലനം കഴിഞ്ഞ് കൊല്ലത്തെത്തിയ ടീം ഇന്ന് ഒഡിഷയെ ആദ്യ മത്സരത്തിൽ നേരിടും. രാവിലെ 9.30ന് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം. സായിയുടെ സീനിയർ കോച്ചും ആക്രമണാത്മക ഹോക്കിയുടെ പ്രയോക്താവുമായ ഷങ്കർ തോൽമാട്ടിയുടെ നിയന്ത്രണത്തിൽ ബംഗളൂരു സായിയുടെ മൈതാനത്തായിരുന്നു പരിശീലനം. ആദ്യമായാണ് കേരള ടീം പരിശീലനത്തിനായി കേരളത്തിന് പുറത്തുപോയത്. കൊല്ലം സായി, തൃശൂർ സെന്റ് മേരീസ് കോളജ്, പത്തനംതിട്ട മാർത്തോമ കോളേജ്, ആലുവ യു.സി കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് കേരള ടീമിലുള്ളത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് എട്ടാം സ്ഥാനമാണ് ലഭിച്ചത്.