തിരുവനന്തപുരം: ജഗതി സഹകരണഭവൻ ആസ്ഥാനത്ത് വൃദ്ധന്റെ ആത്മഹത്യാ ശ്രമം. തൊടുപുഴ സ്വദേശി തോമസ്(61) ആണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രജിസ്ട്രാറെ കാണാനെന്നു പറഞ്ഞ് രാവിലെ 11ന് അങ്കണത്തിൽ എത്തിയ തോമസ് അപ്രതീക്ഷിതമായി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുമെന്ന് പറയുകയായിരുന്നു. ജീവനക്കാ‌‌‌ർ ഇടപെട്ട് ഇയാളെ ശാന്തനാക്കി പൊലീസുകാർക്ക് കെെമാറി. ഇടുക്കി സഹകരണഭവൻ മുൻ പ്രസിഡന്റായിരുന്ന തോമസിന് അഡ്മിനിസ്ട്രേഷൻ ഭരണം വന്നതോടെ സ്ഥാനം നഷ്ടമായിരുന്നു. ഇതിന്റെ രോഷത്തിലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയ തോമസിനെ ശുചിയാക്കി വിട്ടയച്ചെന്നും ഇയാളുടെ പേരിൽ കേസ് എടുത്തിട്ടില്ലെന്നും എസ്.ഐ. ഷാഫി പറഞ്ഞു.