nabard
സംയുക്ത ബാദ്ധ്യതാ സംഘങ്ങൾക്ക് വായ്‌പ നൽകാനുള്ള ധാരണാപത്രം കുടുംബശ്രീ മിഷനുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹരികിഷോർ, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. സുരേഷ്, ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി സോണൽ മാനേജർ ജി. വിമൽകുമാർ എന്നിവർ തമ്മിൽ കൈമാറുന്നു.

കൊച്ചി: മൂവായിരം സംയുക്ത ബാദ്ധ്യതാ സംഘങ്ങൾക്ക് (ജെ.എൽ.ജി) വായ്‌പ നൽകാനുള്ള ധാരണാപത്രത്തിൽ കുടുംബശ്രീയും ബാങ്ക് ഒഫ് ഇന്ത്യയും നബാർഡും ഒപ്പുവച്ചു. തിരുവനന്തപുരത്ത് കുടുംബശ്രീ മിഷൻ സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷനുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹരികിഷോർ, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജെ. സുരേഷ്, ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി സോണൽ മാനേജർ ജി. വിമൽകുമാർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

കൃഷി, ചെറുകിട വ്യവസായ മേഖലകളിൽ വായ്‌പ നൽകാനുള്ള ധാരണയാണിത്. പത്തുലക്ഷം രൂപവരെ ഈടില്ലാതെ വായ്‌പ നേടാം. ബാങ്ക് ഒഫ് ഇന്ത്യ സോണൽ മാനേജർ വി. മഹേഷ് കുമാർ, ചീഫ് മാനേജർ പി.പി. അയ്യർ, സീനിയർ മാനേജർ ആർ. രാജേഷ്, കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ സി.എസ്. ദത്തൻ, അസിസ്‌റ്റന്റ് പ്രോഗ്രാം മാനേജർമാരായ വി.എ. ഐശ്വര്യ, എസ്. ആര്യ, നബാർഡ് മാനേജർ വി. രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു.