sexual-abuse

ചണ്ഡിഗഡ്: തന്റെ ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വാമി ലക്ഷാനന്ദിനെതിരെ പൊലീസ് കേസ്. ഹരിയാനയിലെ റായ്പൂരിൽ ഇയാൾ നടത്തുന്ന ആശ്രമത്തിൽ വച്ചായിരുന്നു പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത്. മൂന്ന് ദിവസം ആശ്രമത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സ്വാമി ലക്ഷാനന്ദ് ബലാത്സംഗം ചെയ്തതായാണ് പരാതി ലഭിച്ചിരിക്കുന്നത്.

പരാതി ലഭിച്ച ശേഷം സ്വാമി ഒളിവിലാണെന്നും പൊലീസ് പറയുന്നു. പെൺകുട്ടികളുടെ പരാതിയിൽ പൊലീസ് കേസെടുത്തെന്നറിഞ്ഞതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും വൈകാതെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.