കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ധർമ്മ സംരക്ഷണ സമിതി രംഗത്തിറങ്ങുന്നു. കോഴിക്കോട് മുക്കത്ത് പ്രവർത്തിക്കുന്ന ഹിന്ദു ധർമ്മ സംരക്ഷണ സമിതിയാണ് പൗരത്വ നിയമഭേദഗതിക്കെതിരെ സമരത്തിന് തയ്യാറെടുക്കുന്നത്. മതം അടിസ്ഥാനമാക്കിയുള്ള നിയമത്തിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങുകയാണ് സംഘടന. ഫെബ്രുവരി 3ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ഉപവാസത്തിലും ബഹുസ്വര സംഗമത്തിലും സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും വിവരമുണ്ട്.
ഹിന്ദുക്കൾ പ്രാർത്ഥിക്കുന്നത് 'ലോകാ സമസ്ത സുഖിനോ ഭവന്തു' എന്നാണെന്നും ഭാരതത്തിന്റെ ബഹുസ്വരത കാക്കാനുള്ള സമരമാണിതെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും തമ്മിൽ ശക്തമായ ആത്മബന്ധമുള്ള കേരളത്തിൽ മതസൗഹാർദ്ദം തകർക്കുന്ന ഒന്നുമുണ്ടാകരുതെന്നും പ്രസ്താവനയിലൂടെ സംഘടന വ്യക്തമാകുന്നു.
ആരോടെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നത് പാപമാണെന്നും നിയമം ജനങ്ങളിൽ മതപരമായ ഭിന്നതയും ആശങ്കയും സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് നിയമം എതിരാണെന്നും സംഘടന അഭിപ്രായപ്പെടുന്നു. സത്യാഗ്രഹത്തോടൊപ്പം സമിതി സംഘടിപ്പിക്കുന്ന ബഹുസ്വര സംഗമത്തിലേക്ക് എല്ലാ മതവിഭാഗക്കാർക്കും സ്വാഗതവും ഇവർ അറിയിച്ചിട്ടുണ്ട്.
'ഹിന്ദുവിന് എല്ലാ മതക്കാരും ആത്മ സഹോദരങ്ങളാണ്. അതിനാല്‍ തന്നെ മതത്തിന്റെ പേരിൽ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് പാപമാണ്. അത് എതിർക്കപ്പെടേണ്ടതാണ്. ഇക്കാരണത്താൽ തന്നെ പൗരത്വം നൽകുന്നതിന് മനുഷ്യരുടെ മതം മാനദണ്ഡമാക്കുന്നതും ആരെയെങ്കിലും മതത്തിന്റെ പേരിൽ പുറത്താക്കുന്നതും ഹൈന്ദവ വിരുദ്ധമാണ്'-സമിതി ചൂണ്ടിക്കാട്ടി. പൗരത്വത്തിന് മതം മാനദണ്ഡം ആക്കുന്നതും മതത്തിന്റെ പേരിൽ ഒരാളെ പുറത്താക്കുന്നത് ഹൈന്ദവ വിരുദ്ധമാണെന്നും സംഘടനാംഗങ്ങൾ പറഞ്ഞു.