ഹാമിൽട്ടൺ: സൂപ്പർ ഓവറിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ നേടിയത് ന്യൂസിലൻഡ് മണ്ണിലെ ആദ്യ ട്വന്റി 20 പരമ്പര. സൂപ്പർ ഓവറിൽ ന്യൂസീലൻഡ് മുന്നോട്ടുവെച്ച 18 റൺസ് വിജയലക്ഷ്യം അവസാന രണ്ട് പന്തിൽ സിക്സ് അടിച്ച് ഇന്ത്യയുടെ ഹിറ്റ് മാൻ രോഹിത് ശർമ്മ മറികടന്നു. രണ്ടു പന്തിൽ പത്ത് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്കായി അഞ്ചും ആറും പന്തില്‍ രോഹിത് ശർമ്മ.
എന്നാൽ ഇന്ത്യയുടെ വിജയത്തിന് പിന്നിൽ മറ്റൊരു താരത്തിനും പ്രധാന പങ്കുണ്ട്. പേസ് ബൗളർ മുഹമ്മദ് ഷമിയാണ് നിശ്ചിത ഓവറിൽ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടക്കുന്നതിൽ നിന്ന് ന്യൂസിലാൻഡ‌് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടിയത്.
180 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം നിശ്ചിത ഓവറിൽ 179 റൺസിൽ അവസാനിക്കുകയായിരുന്നു.
20-ാം ഓവറിൽ ഒമ്പത് റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ന്യൂസീലൻഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടുകയായിരുന്നു. എട്ടു റണ്‍സെടുക്കാനെ കിവീസിന് കഴിഞ്ഞുള്ളു. ആദ്യ പന്തിൽ റോയ് ടെയ്‌ലർ സിക്‌സ് അടിച്ചെങ്കിലും മൂന്നാം പന്തിൽ കെയ്ന്‍ വില്ല്യംസണെ ഷമി പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ടിം സെയ്‌ഫേർട്ട് നാലാം പന്ത് മിസ് ആക്കിയപ്പോൾ അഞ്ചാം പന്തിൽ സിംഗിളെടുത്തു. ഇതോടെ ആറാം പന്തില്‍ ന്യൂസീലൻഡിന് വിജയിക്കാൻ ഒരൊറ്റ റൺ എന്ന നിലയിലായി. എന്നാൽ ക്രിസീലുണ്ടായിരുന്ന ടെയ്‌ലറെ ബൗൾഡാക്കി ഷമി മത്സരം സമനിലയിലെത്തിച്ചു.
ഷമി ഹീറോയാടാ ഹീറോ എന്നു പറയുന്ന വീഡിയോ മലയാളി താരം സഞ്ജു വി സാംസണാണ് പങ്കുവച്ചത്. കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാള സിനിമയിലെ ഹിറ്റ് ഡയലോഗാണ് ഷമി വീഡിയോയിൽ പറയുന്നത്. സഞ്ജുവും ഷമിയും ഉള്ള വീഡിയോയിൽ ടേബിൽ ടെന്നീസ് കോർട്ടിൽ സ്മാഷ് അടിച്ച ശേഷം ഷമി ഹീറോയാടാ ഹീറോ എന്നു പറയുന്നു. നമ്മുടെ സ്വന്തം ഷമി ഭായി, ഷമി ഹീറോ ആടാ ഹീറോ എന്നും സഞ്ജു കുറിച്ചു.