pcc-

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ റാലിയിൽ പങ്കെടുത്തതിന് യുവാവിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആലുവ കടൂപ്പാടം സ്വേദേശി അനസിനാണ് ജോലിക്കായുള്ള പോലീസ് ക്ലിയറന്‍സ് നിഷേധിച്ചത്. എന്നാൽ ഇത് സ്വാഭാവിക നടപടികളുടെ ഭാഗമായാണെന്നാണ് പൊലീസിന്റെ വിശദീകരണം. കൊച്ചിൻ ഷിപ്പിയാർഡിലെ ജോലിക്കായാണ് അനസ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ക്ലിയറൻസിനുള്ള അപേക്ഷ നൽകിയത്. സംഭവം അറിഞ്ഞു വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അടക്കം ഒട്ടേറെയാളുകൾ പ്രതിഷേധവുമായി രാത്രി പൊലീസ് സ്റ്റേഷനിലെത്തി.


പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനാൽ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ ക്ലിയറൻസ് നല്‍കാനാകു എന്നായിരുന്നു എസ് ഐ നൽകിയ വിശദീകരണം. അനസ് കൊച്ചി ഷിപ്‌‌യാർഡിൽ കരാറുകാരന്റെ കീഴിൽ ജോലി ചെയ്യുന്നതിനു വേണ്ടി ചൊവ്വാഴ്ച പിസിസിക്ക് അപേക്ഷിച്ചിരുന്നു. ബുധനാഴ്ച വൈകിട്ടു സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയപ്പോഴാണു തരാൻ പറ്റില്ലെന്ന് പൊലീസ് അറിയിച്ചത്.

ക്രിമിനൽ കേസുകളിലൊന്നും പ്രതിയല്ല അനസ്. അപേക്ഷ സ്വീകരിച്ച എസ്ഐ പൗരത്വ നിമയത്തിനെതിരായ റാലിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അനസിനോടു ചോദിച്ചിരുന്നു. വെളിയത്തുനാട് മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി യുസി കോളജ് പരിസരത്തു നിന്ന് ആലങ്ങാട്ടേക്കു സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തെന്ന് അനസ് മറുപടി നൽകി. പൗരത്വ നിയമത്തിനെതിരെ റാലിയിൽ പങ്കെടുത്തതിനാൽ പി..സി..സി കൊടുക്കേണ്ടതില്ലെന്ന് അനസിന്റെ അപേക്ഷ പരിശോധിച്ച ഉദ്യോഗസ്ഥൻ കുറിച്ചതാണ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ കാരണം. അതേസമയം‌ പിസിസി കൊടുക്കില്ലെന്നു പറഞ്ഞിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.

വിവാദമായതോടെ സംഭവം അന്വേഷിക്കണമെന്നും നാളെത്തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാമെന്നും ആലുവ റൂറൽ എസ്‍..പി ഉറപ്പ് നൽകി.