തിരുവനന്തപുരം: ചാക്ക- ഈഞ്ചയ്ക്കൽ ഫ്ളൈഓവർ ഒരുവശത്തേക്ക് ഗതാഗതത്തിനായി തുറന്ന് നൽകിയതിന് പിന്നാലെ അപകട സാദ്ധ്യതയും ഉയരുന്നു. ചാക്കയിലെ സതീന്ദ്ര ആഡിറ്റോറിയത്തിന് മുന്നിൽ തുടങ്ങി എസ്.പി.എസ് കിംഗ്സ്വേ ഹോട്ടലിന് സമീപം അവസാനിക്കുന്ന ഫ്ളൈഓവറിന്റെ സ്ളിപ്പ് റോഡുകളാണ് അപകടഭീഷണി ഉയർത്തുന്നത്. ഫ്ളൈഓവറിന്റെ ഇരുവശത്തും മൂന്നര മീറ്റർ വീതിയിൽ രണ്ട് സ്ളിപ്പ് റോഡുകളാണുള്ളത്. ചാക്ക ജംഗ്ഷനിൽ നിന്നുള്ള സ്ളിപ്പ് റോഡ് ഫ്ളൈഓവറുമായി ചേരുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടസാദ്ധ്യത. സ്ളിപ്പ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ അശ്രദ്ധമായി വലതുവശം ചേർന്ന് ഫ്ളൈ ഓവറിലേക്ക് പ്രവേശിക്കുകയാണെങ്കിൽ ഈഞ്ചയ്ക്കൽ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. പുതിയ റോഡായതിനാൽ യാത്രക്കാരുടെ പരിചയക്കുറവും ഒരു ഘടകമാണ്. ഫ്ളൈഓവർ തുറന്നു കൊടുത്തതിന് രണ്ടാംദിവസം തന്നെ ഇവിടെ അപകടം നടന്നു. ചാക്ക ജംഗ്ഷനിൽ നിന്നുള്ള സ്ളിപ്പ് റോഡ് ഫ്ളൈഓവറുമായി ചേരുന്ന ഭാഗത്തെ സ്പീഡ് ബ്രേക്കറിൽ കയറി തെന്നിയ ആട്ടോറിക്ഷ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു. ലോറിയും ട്രക്കുകളും ബസുകളും അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഫ്ളൈഓവറിന് വലിയ തോതിൽ കുലുക്കം അനുഭവപ്പെടുന്നതായും പരാതിയുണ്ട്.
സ്പീഡ് ബ്രേക്കറുകൾ ഭീഷണി
വേഗത നിയന്ത്രിക്കുന്നതിനായി നിശ്ചിത അകലത്തിൽ അഞ്ചിടങ്ങളിലായി സ്പീഡ് ബ്രേക്കറുകളും നിർമ്മിച്ചിട്ടുണ്ട്. റോഡിന് കുറുകെ രണ്ടര ഇഞ്ച് കനത്തിൽ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് അപകടസാദ്ധ്യതയേറെയാണ്. സ്ളിപ്പ് റോഡിൽ നിന്ന് ഫ്ളൈഓവറിലേക്ക് കയറുന്ന ഭാഗത്തെ സ്പീഡ് ബ്രേക്കറും ഇതേരീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം, ഈഞ്ചയ്ക്കൽ ഭാഗത്തെ സ്പീഡ് ബ്രേക്കറുകൾ സാധാരണ രീതിയിലുള്ളതാണ്.
ഇരുചക്രവാഹന യാത്രക്കാർക്ക്
നെഞ്ചിടിപ്പ്
ഈഞ്ചയ്ക്കലിൽ നിന്ന് പാഞ്ഞെത്തുന്ന വാഹനങ്ങൾ സ്പീഡ് ബ്രേക്കറിലൂടെയും വേഗത്തിലാണ് കടന്നുപോകുന്നത്. ഇത് സ്ളിപ്പ് റോഡ് കയറി ഫ്ളൈഓവറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യതയേറെയാണ്. സ്പീഡ് ബ്രേക്കർ സ്ത്രീകളടക്കമുള്ള ഇരുചക്രവാഹന യാത്രക്കാർക്കും ഭീതി ഉയർത്തുന്നു. സാമാന്യം വേഗത്തിൽ വരുന്ന വാഹനങ്ങൾ സ്പീഡ് ബ്രേക്കറിൽ കയറുമ്പോൾ നിയന്ത്രണം തെറ്റാനുള്ള സാദ്ധ്യതയേറെയാണ്. രാത്രിയിലും സ്പീഡ് ബ്രേക്കറുകൾ കാണാവുന്ന തരത്തിൽ റിഫ്ളക്ടറുകളും സ്ഥാപിച്ചിട്ടില്ല. മുന്നറിയിപ്പ് സൂചനയുമില്ല.
ഫ്ളൈഓവറിൽ അനുവദിച്ചിരിക്കുന്ന വേഗത - മണിക്കൂറിൽ 80 കിലോമീറ്റർ
സ ്പീഡ് ബ്രേക്കറുകൾ
സ്ഥാപിച്ചത് 5 സ്ഥലങ്ങളിൽ
ടചാക്കയിൽ നിന്ന് ഫ്ളൈഓവറിലേക്ക് കയറാൻ പ്രത്യേക സ്ലിപ് റോഡുണ്ട്. പാറ്റൂരിൽ നിന്നെത്തി കഴക്കൂട്ടത്തേക്കു പോകുന്ന വാഹനങ്ങൾ ചാക്ക ജംഗ്ഷൻ മുറിച്ചുകടന്ന് റോഡിനപ്പുറത്തുള്ള സ്ലിപ്പ് റോഡിലൂടെ ഫ്ളൈഓവറിൽ പ്രവേശിക്കണം.ശംഖുംമുഖം ഭാഗത്തു നിന്ന് കഴക്കൂട്ടത്തേക്ക് പോകുന്ന വാഹനങ്ങളും ഇതേ റോഡാണ് ഉപയോഗിക്കേണ്ടത്. എതിർവശത്തുള്ള സമാനമായ സ്ലിപ് റോഡിന്റെ പണി പൂർത്തിയാകുന്നതേയുള്ളൂ. അടുത്തയാഴ്ചയോടെ ഇത് പൂർത്തിയാകുംട
- ദേശീയപാത അതോറിട്ടി