തിരുവനന്തപുരം: വായന മരിക്കുന്നു എന്നു പറയുന്നവർ ഇവിടെയൊന്ന് വരണം! ആ പറഞ്ഞത് തിരുത്തേണ്ടിവരും. പുസ്തകത്തെ പ്രണയിക്കുന്നവർക്കായി യൂസ്ഡ് ബുക്കിന്റെ വിപുലമായ ശേഖരമാണ് 'ന്റെ ബുക്ക്' ഒരുക്കിയിരിക്കുന്നത്. വലിയ വിലയുള്ള പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് ഉപയോഗ ശേഷമുള്ള അതേ പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ന്റെ ബുക്ക് ഡോട്കോം(Entebook.com) അവസരമൊരുക്കിയിരിക്കുന്നു.
നവമാധ്യമങ്ങളുടെ അതിപ്രസരത്തിലും വായനയെ ഇഷ്ടപ്പെടുന്ന നിരവധിപേരാണ് വെെ.എം.സി.എ ഹാളിലെ മേളയ്ക്ക് എത്തുന്നത്. പുരാണങ്ങളും അച്ചടി നിറുത്തിയ പ്രസിദ്ധീകരണങ്ങളുമടക്കം 75000ത്തോളം ബുക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം പേർ ഇവിടെയെത്തുന്നുണ്ടെന്നും വരുന്നവരിൽ അധികവും പുതിയ തലമുറയിലുള്ളവരാണെന്നും ജീവനക്കാരൻ ഷക്കീൽ പറയുന്നു. മറ്റു പുസ്തക ശാലകളിൽ ലഭിക്കാത്ത അപൂർവയിനങ്ങളും ഇവയിൽ ഇടംപിടിച്ചിട്ടുണ്ട്. സാഹിത്യം, റൊമാൻസ്, ബയോഗ്രഫി, ഫിക്ഷൻ, കുട്ടികൾക്കുള്ളവ, മോട്ടിവേഷണൽ, എൻജിനിയറിംഗ്, മെഡിക്കൽ ടെക്സ്റ്റ്ബുക്ക് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള യൂസ്ഡ് ബുക്കുകൾക്ക് വലിയ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന് 40ശതമാനവും ഇംഗ്ലീഷിന് 80ശതമാനവും പുതിയവയ്ക്ക് 30ശതമാനവുമാണ് കിഴിവ്. തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി അംജദ് അലിയുടെ ആശയത്തിൽ വിരിഞ്ഞതാണ് ന്റെ ബുക്ക് ഡോട്കോം. സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരത്തിലുള്ള സെറ്റ് കേരളത്തിലുടനീളം ബുക്ക് ഫെസ്റ്റ് നടത്തുന്നുണ്ട്. അമൂല്യമായ പല ഗ്രന്ഥങ്ങളും വായനക്കാരിൽ നിന്നും പ്രസാദകരിൽ നിന്നുമാണ് ശേഖരിച്ചിരിക്കുന്നത്. 26ന് ആരംഭിച്ച മേള 30ന് അവസാനിക്കും. പ്രദർശനം രാവിലെ പത്തു മുതൽ രാത്രി 7.30വരെ.